താനൂർ: തൃശൂർ മുണ്ടൂർ പുറ്റേക്കരയിൽ ലോറിയും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ കൂടി മരിച്ചു. ഒഴൂർ സ്വദേശി പൈക്കാട്ടിൽ രാമചന്ദ്രൻ എന്ന മണിയുടെ മകൻ രജീഷാണ് (27) മരിച്ചത്. ഇതോടെ മരണസംഖ്യ മൂന്നയി. അപകടത്തിൽ രജീഷിന്റെ അമ്മ രുഗ്മിണി (47), പിതൃസഹോദര പുത്രൻ അലൻ കൃഷ്ണ (6) എന്നിവർ മരിച്ചിരുന്നു. അപകടത്തിൽപ്പെട്ട ഓട്ടോറിക്ഷ ഓടിച്ചിരുന്നത് രജീഷായിരുന്നു. ഓട്ടോയിലുണ്ടായിരുന്ന പൈക്കാട്ടിൽ രാമചന്ദ്രൻ (52), രാമചന്ദ്രന്റ സഹോദരൻ രവീന്ദ്രന്റെ മക്കളായ നിയ (14), നിവ്യ (12), ലോറി ഡ്രൈവർ നാഗർകോവിൽ സ്വദേശി രമേശ് (50) എന്നിവർ ചികിത്സയിലാണ്.

വെള്ളിയാഴ്ച്ച വൈകിട്ടാണ് രാമചന്ദ്രന്റെ കുടുംബം ഗുരുവായൂർ ക്ഷേത്ര ദർശനത്തിനായി പുറപ്പെട്ടത്. ശനിയാഴ്ച പുലർച്ചെ ക്ഷേത്രദർശനം കഴിഞ്ഞ് തൃശൂരിലേക്ക് പോകുന്നതിനിടെ എതിരെ വന്ന ടാങ്കർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഓട്ടോ പൂർണമായും തകർന്നു. സഹോദരൻ: മഹേഷ്.