മലപ്പുറം: ജില്ലയിൽ ജപ്പാൻ ജ്വരത്തിന് സമാനമായ പനി പടന്നുപിടിക്കുമ്പോഴും രോഗകാരണം കണ്ടെത്താനാവാതെ ആരോഗ്യവകുപ്പ് അധികൃതർ പ്രതിസന്ധിയിൽ. മാർച്ച് മുതൽ മേയ് അഞ്ച് വരെ ജില്ലയിൽ ഇത്തരത്തിലുള്ള 79 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ലക്ഷണങ്ങൾ വച്ച് എൻസിഫലൈറ്റിസ് - 62, മെനിഞ്ചൈറ്റിസ് - 17എന്നിങ്ങനെയാണ് അസുഖം രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിൽ അഞ്ച് മരണങ്ങളുമുണ്ടായി. രോഗം പരത്തുന്നത് വൈറസാണോ ബാക്ടീരിയയാണോ അതോ കൊതുക് അടക്കമുള്ള മറ്റെന്തെങ്കിലുമാണോ എന്നതിൽ ഇതുവരെ വ്യക്തമായ സ്ഥിരീകരണമായിട്ടില്ല.
ഡി.എം.ഒയുടെ നേതൃത്വത്തിൽ വിദഗ്ദ്ധസംഘം രൂപവത്കരിച്ചാണ് രോഗകാരണം സംബന്ധിച്ച് അന്വേഷിക്കുന്നത്. കേസുകൾ സംസ്ഥാന, കേന്ദ്ര വിദഗ്ദ്ധ സംഘങ്ങളെ അറിയിക്കുന്നതിലും ഇവരെ ഉൾപ്പെടുത്തി സമയബന്ധിതമായി പഠനം നടത്തുന്നതിലും വീഴ്ച്ച വന്നതായി ആക്ഷേപമുണ്ട്. എപ്പിഡമിയോളജിസ്റ്റ്, വൈറോളജി, ബാക്ടീരിയോളജി, കമ്മ്യൂണിറ്റി മെഡിസിൻ വിദഗ്ദ്ധരെ ഉൾപ്പെടുത്തിയാണ് മെഡിക്കൽ ടീം രൂപവത്കരിക്കേണ്ടതെന്നും ഇവ കൂടുതൽ ഫലപ്രദമായും വേഗത്തിലും ഏകോപിപ്പിക്കാൻ സംസ്ഥാന ആരോഗ്യവകുപ്പിനാണ് സാധിക്കുകയെന്നും ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജിയേയും നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളിനെയും സമയബന്ധിതമായി വിവരമറിയിച്ചില്ലെന്ന ആക്ഷേപവുമുണ്ട്. രോഗികളുടെ സാമ്പിളുകൾ കൃത്യസമയത്ത് എടുക്കാതിരുന്നതും സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയവരുടെ വിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിലുണ്ടായ വീഴ്ച്ചയും തിരിച്ചടിയായി.
കൂടുതൽ സാമ്പിളുകൾ ലഭിക്കണം
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് വൈറോളജിയുടെ ആലപ്പുഴ സെന്ററിലേക്ക് അയച്ച സാമ്പിൾ കഴിഞ്ഞ ദിവസം ജില്ലാ ആരോഗ്യവകുപ്പ് അധികൃതർക്ക് ലഭിച്ചിട്ടുണ്ട്. എന്ററോവൈറസ് എന്ന റിപ്പോർട്ടാണ് ലഭിച്ചത്.
കൂടുതൽ സാമ്പിളുകളുടെ പരിശോധനാ ഫലം ലഭിച്ചാലേ വൈറസാണോ രോഗകാരണമെന്ന് കണ്ടെത്താനാവൂ എന്ന് ഡി.എം.ഒ ഡോ. കെ. സക്കീന പറഞ്ഞു.
രോഗലക്ഷണങ്ങളുമായി മരിച്ചവരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൾ കൂടി ലഭിക്കേണ്ടതുണ്ട്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. രോഗ കാരണമറിഞ്ഞാൽ രോഗവ്യാപനത്തിന് തടയിടാനും അസുഖബാധിതർക്ക് മികച്ച ചികിത്സയേകാനും സാധിക്കും. ഇതിനുള്ള പ്രവർത്തനങ്ങളാണിപ്പോൾ പുരോഗമിക്കുന്നതെന്നും ഡി.എം.ഒ പറഞ്ഞു.