മലപ്പുറം: റമസാൻ നോമ്പ് കാലത്തെ വർദ്ധിച്ച ആവശ്യകതയും മികച്ച വിലയും മുന്നിൽ കണ്ട് വിഷപ്രയോഗം നടത്തിയ മാമ്പഴങ്ങൾ വലിയതോതിൽ വിപണിയിലെത്തുന്നു. വിവിധ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാവുന്ന കൃത്രിമയായി പഴുപ്പിച്ച മാമ്പഴങ്ങൾ വിപണിയിൽ സുലഭമായതോടെ ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും പരിശോധനകൾ തുടങ്ങിയിട്ടുണ്ട്. മാമ്പഴക്കാലമെത്തിയതോടെ വൈവിദ്ധ്യമാർന്ന മാമ്പഴങ്ങളും വിപണിയിലുണ്ട്. എന്നാൽ ലാഭക്കൊതിയിൽ കാൽസ്യം കാർബൈഡും ഇത്തഡോളും ഉപയോഗിച്ച് പഴുപ്പിച്ച മാമ്പഴങ്ങളാണ് വിപണിയിലെത്തുന്നത്.
മൂപ്പെത്താത്ത മാമ്പഴങ്ങൾ പോലും ബോക്സുകളിലാക്കി അവയിൽ കാൽസ്യം കാർബൈഡിന്റെ പൊതിവെച്ചാണ് പഴുപ്പിച്ചെടുക്കുന്നത്. ഇങ്ങനെ പഴുപ്പിക്കുമ്പോൾ മികച്ച നിറവും ഭംഗിയും ലഭിക്കുമെന്നതിനാൽ ആളുകളെ ആകർഷിക്കാനുമാവും. മാമ്പഴങ്ങൾ പെട്ടെന്ന് കേടുവരികയുമില്ല.
കർണ്ണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും മാമ്പഴങ്ങളെത്തുന്നത്. വരൾച്ചയെ തുടർന്ന് കേരളത്തിലെ ഉത്പാദനം ഇടിഞ്ഞിട്ടുണ്ട്. സിന്ധൂരം, നീലം , ഗുദാദാത്ത്, ഇമാപസന്ത്, ബംഗനപള്ള എന്നീ ഇനങ്ങളാണ് വിപണിയിൽ സുലഭമായിട്ടുള്ളത്. 60- 80 വരെ വിലയുള്ള സിന്ധൂരം, നീലം, അൽഫോൺസ മാങ്ങകൾക്കാണ് ആവശ്യക്കാർ ഏറെ. മധുരം ഏറെയുള്ള ഇമാപസന്തിന് 100 - 120 രൂപയാണ് വില. ഇതിന് പുറമെ നാടൻ മാമ്പഴമെന്ന പേരിലും തെരുവ് കച്ചവടം പൊടിപൊടിക്കുന്നുണ്ട്.
തോട്ടങ്ങളിൽ തന്നെ വലിയ വിഷ പ്രയോഗത്തിന് ശേഷമാണ് മാമ്പഴങ്ങൾ അതിർത്തി കടന്നെത്തുന്നത്. പറിച്ചയുടൻ വിഷലായനിയിൽ മുക്കുന്നതോടെ കൂടുതൽ നിറവും കൈവരും. ഇതിനൊപ്പം മൂപ്പെത്താത്ത മാങ്ങകൾ പോലും കേരളത്തിലെത്തുമ്പോഴേക്കും പഴുത്ത് പാകമാകുന്ന മരുന്ന് പ്രയോഗവും ഇവിടങ്ങളിൽ നടക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം പെരിന്തൽമണ്ണയിൽ കാർബൈഡ് ചേർത്ത മാമ്പഴങ്ങൾ നാടൻ മാമ്പഴങ്ങളെന്ന പേരിൽ വിൽക്കുന്നത് ആരോഗ്യവകുപ്പ് പിടികൂടിയിരുന്നു. അതേസമയം പിടികൂടിയാലും പരമാവധി 10,000 രൂപ പിഴ ചുമത്താമെന്നല്ലാതെ ആരോഗ്യ വകുപ്പിന് മറ്റു നടപടികെളുക്കാനാവില്ല. ശക്തമായ നടപടികളെടുക്കാൻ കഴിയുന്ന ഭക്ഷ്യസുരക്ഷാ വകുപ്പ് കൂടുതൽ ഉണർന്ന് പ്രവർത്തിക്കണമെന്ന ആവശ്യം ശക്തമാണ്.