തിരൂർ: സമൂഹത്തിൽ വെറുപ്പും, വിദ്വേഷവും പ്രചരിപ്പിച്ച് ഭിന്നതയുണ്ടാക്കുന്നവരെ കരുതിയിരിക്കണമെന്ന് തിരൂർ ടൗൺ ഹാളിൽ സംഘടിപ്പിച്ച ഐ.എസ്.എം. വെസ്റ്റ് ജില്ല റമദാൻ സംഗമം അവശ്യപ്പെട്ടു. സ്വന്തം മതത്തിൽ അടിയുറച്ച് നിൽക്കുന്നതോടൊപ്പം മറ്റു മതങ്ങളെയും, ദർശനങ്ങളെയും ആദരിക്കണം. മത വിദ്വേഷം പടർത്തി നാടിന്റെ സൗഹൃദ അന്തരീക്ഷം തകർക്കരുത്. വിശ്വസികൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനാണ് തീവ്രവാദികൾ ശ്രമിക്കുന്നത്. തീവ്രവാദികൾ സമൂഹത്തിന്റെ ശാപമാണ്. അവർ പേര് കൊണ്ടും, വേഷം കൊണ്ടും മറ്റു മത വിശ്വാസികളെ പ്രതിസന്ധിയിലാക്കുകയാണ്. ശ്രീലങ്കയിലും, ന്യൂസ് ലാന്റിലും, കൂട്ടകൊല നടത്തിയത് ഒരേ പ്രത്യയശാസ്ത്രത്തിന്റെ വക്താക്കളാണ്.
വലതുപക്ഷ തീവ്രവാദവും, ഇസ്ലാമിക സ്റ്റേറ്റ് തീവ്രവാദവും വംശീയ വിദ്വേഷത്തിന്റെ ഉൽപ്പനങ്ങളാണ്. ശ്രീലങ്കയിലെ ഭീകര ആക്രമണത്തിന്റെ പേരിൽ ഊഹങ്ങൾ വാർത്തയായി പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും സംഗമം അവശ്യപ്പെട്ടു.കെ.എൻ.എം.സംസ്ഥാന സെക്രട്ടറി ഡോ. എ.ഐ.അബ്ദുൽ മജീദ് സംഗമം ഉദ്ഘാടനം ചെയ്തു.കെ.എൻ.എം. ജില്ല ചെയർമാൻ ഡോ. പി.പി.മുഹമ്മദ്, കൺവീനർ എൻ.കുഞ്ഞിപ്പ , ട്രഷറർ എൻ.വി.ഹാഷിം ഹാജി, ഐ.എസ്.എം.സംസ്ഥാന പ്രസിഡന്റ് ശരീഫ് മേലേതിൽ, സെക്രട്ടറി ജംഷീർ ഫാറൂഖി, എം.എസ്.എം.സംസ്ഥാന ട്രഷറർ ജാസിർ രണ്ടത്താണി. ഉനൈസ് പാപ്പിനിശ്ശേരി, അൻസാർ നന്മണ്ട, അലി ഷാക്കിർ മുണ്ടേരി സംസാരിച്ചു.