സ്വന്തം ലേഖകൻ
മലപ്പുറം: ഉരുണ്ടു കൂടുന്ന മഴമേഘങ്ങളൊന്ന് പെയ്തെങ്കിലെന്ന് മോഹിക്കുകയാണ് ജില്ല. കടുത്ത ചൂടും കുടിവെളള സ്രോതസുകൾ വറ്റിവരണ്ടതും ജനങ്ങളെ ദുരിതത്തിലാഴ്ത്തുകയാണ്. ഇന്നലെ കരിപ്പൂരിലെ താപമാപിനിയിൽ 32.3 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിൽ 38 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയർന്നിരുന്നു.
ഇന്ന് ജില്ലയിൽ സാമാന്യം നല്ല മഴയ്ക്കുള്ള സാദ്ധ്യത 50 മുതൽ 75 ശതമാനം വരെയാണെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ വിലയിരുത്തൽ. 15.6 എം.എം മുതൽ 64.44 എം.എം വരെ ലഭിക്കാമെന്നാണ് പ്രവചനം. ഇന്നലെയും ഇതേ പോലെയായിരുന്നു കാലാവസ്ഥാ പ്രവചനമെങ്കിലും മഴയൊന്നും ലഭിച്ചില്ല. അതേസമയം 15, 16 തീയതികളിൽ മഴയ്ക്കുള്ള സാദ്ധ്യത പോലും പ്രവചിക്കുന്നില്ല. 17ന് സാമാന്യം നല്ല മഴ ലഭിക്കുമെന്നാണ് പറയുന്നത്. ജില്ലയുടെ ചില ഭാഗങ്ങളിൽ കഴിഞ്ഞയാഴ്ച്ച മഴ ലഭിച്ചിരുന്നു. പലഭാഗങ്ങളിലും ദിവസങ്ങളായി മഴമേഘങ്ങളുണ്ടെങ്കിലും പെയ്യാതെ മാറിനിൽക്കുകയാണ്. മേഘങ്ങൾ ഉരുണ്ടുകൂടുന്നത് രാത്രികാലങ്ങളിലടക്കം ചൂട് കൂട്ടുന്നു.
ശക്തമായ വേനൽമഴയുടെ അഭാവത്തിൽ ജില്ലയിലെ മിക്ക ജലസ്രോതസുകളും വറ്റിവരണ്ടിട്ടുണ്ട്, കഴിഞ്ഞ ഒരുമാസത്തിനിടെ ഭൂഗർഭജല വിതാനം ഒന്നരമീറ്ററോളം താഴ്ന്നു.
ഭാരതപ്പുഴ, കടലുണ്ടി, തൂത എന്നീ പുഴകളിലെ ജലനിരപ്പ് വലിയ തോതിൽ താഴ്ന്നു. ചാലിയാർ പുഴയിലെ തടയണകളിലാണ് ഭേദപ്പെട്ട നിലയിൽ വെളളമുളളത്. കവണക്കല്ല്, ഓടായിക്കൽ, പൂക്കോട്ടുമണ്ണ റെഗുലേറ്റർ കം ബ്രിഡ്ജുകളാണ് ചാലിയാറിലെ ജലനിരപ്പിനെ സംരക്ഷിക്കുന്നത്. മഴ മാറി നിന്നാൽ ചാലിയാറിലെ വെളളത്തിന്റെ അളവിനെയും പ്രതികൂലമായി ബാധിക്കും. കടലുണ്ടിപ്പുഴയിലെ തടയണകളിലും വെളളമില്ല. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ വെളളത്തിന്റെ അളവ് വലിയ തോതിൽ കുറഞ്ഞു. നീർച്ചാലായി മാറിയ ഭാരതപ്പുഴയിൽ കുറ്റിപ്പുറം ഭാഗങ്ങളിലാണ് പേരിനെങ്കിലും വെളളമുളളത്.
ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജിന്റെ ചോർച്ച പരിഹരിക്കാത്തതാണ് ഭാരതപ്പുഴയിലെ കുടിവെള്ള പദ്ധതികൾക്ക് വിനയാകുന്നത്. വേനൽ മഴ മാറി നിന്നതോടെ ജില്ലയിലെ പുഴകളെ ആശ്രയിച്ചുളള നാൽപ്പതോളം ഇറിഗേഷൻ പദ്ധതികളും നോക്കുകുത്തിയായി.
.
ജനം വലയുന്നു
മൺസൂൺ മഴ എത്താൻ ഇനിയും ദിവസങ്ങളെടുക്കുമെന്നതിനാൽ കുടിവെളളം പോലും മുട്ടുന്ന അവസ്ഥയിലാണ്. കുടിവെളളക്ഷാമം രൂക്ഷമായതോടെ സ്വകാര്യ ടാങ്കറുകളെയാണ് മിക്കവരും ആശ്രയിക്കുന്നത്.
ജി.പി.എസ് ഘടിപ്പിച്ച ടാങ്കറുകളിലേ കുടിവെള്ള വിതരണം നടത്താവൂ എന്ന സർക്കാർ നിർദ്ദേശത്തിൽ കുടുങ്ങിക്കിടക്കുകയാണ് തദ്ദേശസ്ഥാപനങ്ങളിലെ കുടിവെള്ള വിതരണം .