മലപ്പുറം: പ്ലസ് വൺ ഏകജാലകം ഓൺലൈനിൽ ഇന്നലെ വരെ അപേക്ഷിച്ചത് 63,172 പേർ. ഇതിൽ 6,854അപേക്ഷകളുടെ വെരിഫിക്കേഷൻ പൂർത്തിയായി. അപേക്ഷകരിൽ 59505 പേർ എസ്.എസ്.എൽ.സി, 2,998 പേർ സി.ബി.എസ്.ഇ, 32പേർ ഐ.സി.എസ്.ഇ വിദ്യാർത്ഥികളാണ്. ഇതുവരെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ അപേക്ഷിച്ചത് ജില്ലയിലാണ്. അപേക്ഷകളുടെ വെരിഫിക്കേഷൻ മിക്കയിടങ്ങളിലും മുടന്തിയാണ് നീങ്ങുന്നത്.
നാല് ലക്ഷത്തിലേറെ അപേക്ഷകർ ഉണ്ടെന്നതിനാൽ ആദ്യദിനങ്ങളിൽ സെർവറിനുണ്ടായ വേഗക്കുറവ് പരിഹരിക്കപ്പെട്ടിട്ടുണ്ട്. ഈ മാസം 16 വരെ അപേക്ഷ സമർപ്പിക്കാം. 20നാണ് ട്രയൽ അലോട്ട്മെന്റ് . ആദ്യ അലോട്ട്മെന്റ് 24നും. മുഖ്യ അലോട്ട്മെന്റ് 31ന് പൂർത്തിയാക്കി ജൂൺ മൂന്നിന് ക്ലാസുകൾ തുടങ്ങും.ജില്ലയിലെ 85 സർക്കാർ സ്കൂളുകളിലും 88 എയ്ഡഡ് സ്കൂളുകളിലുമായി 33,324 മെറിറ്റ് സീറ്റുകളും 963 സ്പോർട്സ് ക്വാട്ട സീറ്റുകളുമാണുള്ളത്. സർക്കാർ സ്കൂളിൽ 443 ബാച്ചുകളും എയ്ഡഡിൽ 389 ബാച്ചുകളുമുണ്ട്. മുഴുവൻ വിദ്യാർത്ഥികൾക്കും പഠനാവസരം ഒരുക്കുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനത്തിലാണ് ജില്ലയിലെ വിദ്യാർത്ഥികളുടെ പ്രതീക്ഷ.
നീന്തിപ്പിടിക്കാനെത്തിയത് 29 പേർ
മലപ്പുറം: നീന്തൽ അറിയുന്നവർക്ക് പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കുമ്പോൾ ലഭിക്കുന്ന രണ്ട് മാർക്ക് നേടാനായി എത്തിയത് 29 പേർ. ഇതിൽ രണ്ടുപേർ പെൺകുട്ടികളും. ജില്ലാ സ്പോർട്സ് കൗൺസിലിനാണ് പരിപാടിയുടെ നടത്തിപ്പ് ചുമതല. മേൽമുറി കോണോംപാറയിലെ മലപ്പുറം നഗരസഭ നീന്തൽ കുളത്തിലായിരുന്നു പരിശോധന. സ്പോർട്സ് കൗൺസിലിന്റെ അംഗീകൃത നീന്തൽ കോച്ചിനു മുന്നിൽ നീന്താൻ അറിയുമെന്ന് കാണിച്ചാൽ ജില്ലാ സെക്രട്ടറി സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് ലഭിക്കും. ഈ സർട്ടിഫിക്കറ്റ് അപേക്ഷയ്ക്കൊപ്പം സമർപ്പിച്ചാൽ പ്രവേശനത്തിനു യോഗ്യരായവരുടെ പട്ടിക പ്രസിദ്ധീകരിക്കുമ്പോൾ ലഭിച്ച മാർക്കിനേക്കാൾ അധികമായി രണ്ടുമാർക്ക് ലഭ്യമാകും.രാവിലെ തുടങ്ങിയ പരിശോധന ഉച്ച വരെ നീണ്ടു.