പൊന്നാനി: കാലം മറക്കാത്ത നിറഭേദങ്ങളുമായി വിശുദ്ധ റംസാനിലെ രാത്രികളെ വർണ്ണാഭമാക്കാൻ ഇത്തവണയുമുണ്ട് പാനൂസകൾ. തലമുറകളുടെ പഴക്കമുളള ഈ വർണ്ണപ്പൊലിമ പഴമക്കാരായ ചിലരിലൂടെയാണ് ഇപ്പോഴും നിലനിൽക്കുന്നത്. മുളച്ചീളു കൊണ്ട് കെട്ടിയുണ്ടാക്കുന്ന വിവിധ ആകൃതികൾക്കു പുറത്ത് വർണ്ണകടലാസു കൊണ്ടു പൊതിഞ്ഞ് ഇതിനകത്ത് വെളിച്ചം തെളിക്കുമ്പോഴുണ്ടാകുന്ന വർണ്ണ വിസ്മയമാണ് പാനൂസകൾ. വീടിനു പുറത്തും സ്വീകരണമുറികളിലും കെട്ടിത്തൂക്കുന്ന പാനൂസകൾ പൊന്നാനിയിലും പരിസരത്തും മാത്രം കണ്ടുവരുന്ന, റംസാനിലെ വേറിട്ട കാഴ്ചകളിലൊന്നാണ്. ഏതാണ്ട് രണ്ടര പതിറ്റാണ്ട് മുമ്പുവരെ വീടുകൾ പാനൂസകൾ കൊണ്ടു അലങ്കരിച്ചാണ് വിശുദ്ധ റംസാനെ വരവേറ്റിരുന്നത്.
പഴയ കാലത്ത് തറവാട്ടു വീട്ടുകാർ തങ്ങളുടെ ആഢ്യത്വം പ്രകടമാക്കാൻ ഭീമൻ പാനൂസകൾ നിർമ്മിച്ച് പ്രദർശനത്തിന് വയ്ക്കുമായിരുന്നു. കല്ലൻ പാനൂസകൾ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഇവയ്ക്ക് 10 അടി മുതൽ 20 അടിവരെ നീളമുണ്ടാകും. വിമാനത്തിന്റെയും കപ്പലിന്റെയും സിലണ്ടറിന്റെയും മാതൃകയിലായിരുന്നു ഇവ നിർമ്മിച്ചിരുന്നത്. വർണ്ണക്കടലാസു കൊണ്ടു പൊതിഞ്ഞ മുളച്ചീളുകൊണ്ടുളള ആകൃതികൾക്കകത്ത് പ്ലാസ്റ്റിക്ക് പേപ്പർ കൊണ്ട് വൃത്താകൃതിയിൽ നിർമ്മിച്ച കുറ്റി സ്ഥാപിക്കും. മെഴുകുതിരി വെട്ടത്തിൽ ചൂടേൽക്കുമ്പോൾ സ്വയം തിരിയുന്ന സംവിധാനത്തോടെയാണ് കുറ്റി സ്ഥാപിക്കുക. പ്ലാസ്റ്റിക്ക് കടലാസിന് പുറത്ത് ഒട്ടിച്ച മൃഗത്തിന്റെയും മറ്റും മാതൃകകൾ മെഴുക് തിരി പ്രകാശത്തിൽ കുറ്റി തിരിയുമ്പോൾ പാനൂസകൾക്ക് പുറത്ത് വർണ്ണക്കടലാസുകളിൽ വലുതായി തെളിയും. ഇത്തരത്തിൽ സജ്ജീകരിക്കുന്ന കല്ലൻ പാനൂസകൾ റമദാനിന്റെ രാത്രികളിൽ ഉന്തുവണ്ടിയിൽ വച്ച് നാടുനീളെ പ്രദർശത്തിനായി കൊണ്ടു നടക്കും. പഴമക്കാരുടെ മനസ്സിൽ നിന്ന് ഈ ഓർമ്മകൾ ഇനിയും പടിയിറങ്ങിയിട്ടില്ല. ഇപ്പോൾ നിർമ്മിച്ചു നൽകുന്ന പാനൂസകളിലധികവും ചെറിയ ഇനത്തിൽപെട്ടവയാണ്. മുൻകാലങ്ങളിൽ പാനൂസകൾ നിർമ്മിച്ചു നൽകുന്നവരായി വലിയൊരു വിഭാഗം പൊന്നാനിയുടെ വിവിധ ഭാഗങ്ങളിലുണ്ടായിരുന്നു.