മലപ്പുറം: ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ ജില്ലയിലെ വിവിധ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ തുടങ്ങി.
വോട്ടെണ്ണൽ നടപടികൾക്കായി 619 ഉദ്യോഗസ്ഥരെയാണ് ജില്ലയിൽ നിയോഗിച്ചിട്ടുള്ളത്. 244 മൈക്രോ ഒബ്സർവർമാരെയും 216 കൗണ്ടിംഗ് സൂപ്പർവൈസർമാരെയും 230 കൗണ്ടിംഗ് സ്റ്റാഫിനെയുമാണ് ജില്ലയിൽ നിയോഗിച്ചിട്ടുള്ളത്. ഗസറ്റഡ് റാങ്കിലുള്ള കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരെയാണ് മൈക്രോ ഒബ്സർവർമാരായി നിയമിച്ചിട്ടുള്ളത്.
ബാക്കിയുള്ളവർ സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരാണ്. ഇ.വി.എമ്മുകൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോംഗ് റൂമുകളിൽ നിന്ന് കൗണ്ടിംഗ് സെന്ററിലെ ടേബിളുകളിലേക്ക് ഓരോ റൗണ്ടിലേക്കുമുള്ളവ എത്തിച്ച ശേഷമാണ് വോട്ടെണ്ണൽ നടക്കുക.
വോട്ടർമാരുടെ എണ്ണത്തിനനുസരിച്ച് ഒരു മണ്ഡലത്തിൽ ശരാശരി 12 ടേബിളുകളുണ്ടാവും. ഓരോ ടേബിളിലും കൗണ്ടിംഗ് സൂപ്പർവൈസർ, കൗണ്ടിംഗ് അസിസ്റ്റന്റ്, കൗണ്ടിംഗ് മൈക്രോ ഒബ്സർവർമാർ എന്നിവർ വീതമുണ്ടാവും. ഇതിനു പുറമെ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാർക്ക് പ്രത്യേകമായി ടേബിളുണ്ടാവും.
കൗണ്ടിംഗിന്റെ ആദ്യ റാൻഡമൈസേഷൻ പൂർത്തിയായി. അടുത്ത റാൻഡമൈസേഷൻ പൊതുനിരീക്ഷകരുടെ നേതൃത്വത്തിൽ നടക്കും. ഉദ്യോഗസ്ഥർക്ക് ഏത് കേന്ദ്രത്തിലാണ് ഡ്യൂട്ടി, ടേബിൾ തുടങ്ങിയ കാര്യങ്ങൾ അടുത്ത റാൻഡമൈസേഷനിൽ അറിയാം.
വോട്ടെണ്ണൽ ഉദ്യോഗസ്ഥർക്കുള്ള പരിശീലനം മേയ് 16,17 തീയതികളിലായി പ്ലാനിംഗ് സെക്രട്ടേറിയറ്റിലെ കോൺഫറൻസ് ഹാളിൽ സംഘടിപ്പിക്കും.
3 കേന്ദ്രങ്ങൾ
ജില്ലയിൽ മലപ്പുറം, പൊന്നാനി ലോക്സഭ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ മൂന്ന് കേന്ദ്രങ്ങളിലായാണ് നടക്കുക.
മലപ്പുറം മണ്ഡലത്തിലെ വോട്ടെണ്ണൽ മലപ്പുറം ഗവൺമെന്റ് കോളേജിലും പൊന്നാനിയിലേത് മലപ്പുറം സെന്റ് ജെമ്മാസ് സ്കൂളിലും മലപ്പുറം എം.എസ്.പി എച്ച്.എസ്.എസിലും നടക്കും.
വയനാട് മണ്ഡലം ഉൾപ്പെടുന്ന ഏറനാട്, നിലമ്പൂർ, വണ്ടൂർ മണ്ഡലങ്ങളിലേത് മാനവേദൻ എച്ച്.എസ്.എസിൽ നടക്കും.
നാലു കേന്ദ്രങ്ങളിലും വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങൾ പുരോഗമിച്ചു വരുന്നു.