എടക്കര : പക്ഷി വിൽപ്പന കേന്ദ്രത്തിൽ നിന്നും പക്ഷികളെ മോഷ്ടിച്ചതായി പരാതി. മില്ലുപടിയിലെ ആയക്കുടി അൻസാരിയും കുടുംബവും വീട്ടിൽ ഉപജീവനത്തിനായി വളർത്തുന്ന പക്ഷികളാണ് കളവ് പോയത്. വീട്ടുവളപ്പിൽ തന്നെ ആധുനിക രീതിയിൽ ലക്ഷങ്ങൾ മുടക്കി സജ്ജീകരിച്ച കൂട്ടിൽ നിന്നാണ് പക്ഷികളെ രാത്രിയുടെ മറവിൽ കടത്തിയത് , ഫർബാ ലോഫ്റ്റ് എന്ന പേരിലാണ് സ്ഥാപനം. സോഷ്യൽ മീഡിയ വഴി പരസ്യപ്പെടുത്തിയത് കാരണം ജില്ലക്കകത്ത് നിന്നും പുറത്തു നിന്നും ആവശ്യക്കാർ എത്താറുണ്ട് . ഏപ്രിൽ 24 ന് ഏഴ് പ്രാവുകളും 29 ന് അഞ്ചു പ്രാവുകളും മേയ് അഞ്ചിന്മൂന്നു പ്രാവുകളും രണ്ട് ആഫ്രിക്കൻ തത്തകളുമാണ് കള്ളൻമാർ കടത്തിയത് . ഒരെണ്ണത്തിന് 20,000 രൂപ മുതൽ രണ്ടായിരം രൂപ വരെ വിലയുള്ള വിവിധയിനം പ്രാവുകളും 2000 രൂപ വീതം വിലയുള്ള ആഫ്രിക്കൻ തത്തകളുമാണ് നഷ്ടമായത്. മോഷണം പതിവായതോടെ സി.സി ടി.വി കാമറ സ്ഥാപിച്ചതിനാൽ മോഷണ ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. രണ്ട് യുവാക്കൾ ബൈക്കിലെത്തിയാണ് മോഷണം നടത്തിയത്. ദൃശ്യമടക്കം എടക്കര പോലീസിൽ പരാതി നൽകി. സ്ഥാപനത്തിൽ രണ്ട് വർഷം മുമ്പും മോഷണം നടന്നിരുന്നു. സ്വന്തമായ അന്വേഷണത്തിൽ ഇവയിൽ ചില പ്രാവുകളെ വഴിക്കടവ് കവളപ്പൊയ്ക ഭാഗത്തെ ഒരു വീട്ടിൽ കണ്ടെത്തി. മോഷണത്തിനു പിന്നിലെ കൗമാരക്കാരായ മൂന്നു പേരെ തിരിച്ചറിഞ്ഞിരുന്നു. രക്ഷിതാക്കൾ ഇടപെട്ട് ഒത്ത് തീർപ്പാക്കിയെങ്കിലും വ്യവസ്ഥ പ്രകാരമുള്ള പണം ഇത് വരെ കിട്ടിയിട്ടില്ല. രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് അൻസാരിക്ക് ഉണ്ടായിട്ടുള്ളത്. എടക്കര പൊലീസിൽ കൊടുത്ത പരാതിയിൽ പുരോഗതിയില്ലെങ്കിൽ ഉന്നത ഉദ്യോഗസ്ഥരെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് പരാതിക്കാരൻ