മലപ്പുറം: ആരോഗ്യ ജാഗ്രത കലണ്ടർ പ്രകാരം 16ന് ജില്ല അടിസ്ഥാനത്തിൽ ഡെങ്കി ദിനമായി ആചരിക്കും. ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുന്നതിനായുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക് 16 മുതൽ തുടക്കമാകും. ഇത് സംബന്ധിച്ച് ജില്ലാ തലത്തിൽ നടപ്പിലാക്കേണ്ട പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ച് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീനയുടെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിൽ തീരുമാനമായി.
രാവിലെ 11 വരെ വിവിധ വകുപ്പുകളെ സംയോജിപ്പിച്ച് അവരവരുടെ ഓഫീസുകളിലും ചുറ്റുപാടുകളിലും ഉറവിട നശീകരണ പ്രവർത്തനങ്ങൾ നടത്തും. തുടർന്ന് ആരോഗ്യ രംഗവുമായി ബന്ധപ്പെട്ട വകുപ്പുകളെ സംയോജിപ്പിച്ച് ഇന്റർ സെക്ടറൽ മീറ്റിംഗ് സംഘടിപ്പിക്കും. ഉച്ചയ്ക്ക് ശേഷം ആരോഗ്യ വകുപ്പ് ജീവനക്കാർക്കും ഡോക്ടർമാർക്കുമായി ഡെങ്കി പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ക്ലാസുകളും സംഘടിപ്പിക്കും.
17ന് തോട്ടങ്ങളിലും പറമ്പുകളിലും കൊതുകിന് വളരാൻ സഹായകരമായ രീതിയിൽ ഉപേക്ഷിക്കപ്പെട്ട ചിരട്ടകൾ, പാളകൾ എന്നിവ നീക്കം ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കും. ഇതിന് മുന്നോടിയായി തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ തോട്ടമുടമകളുടെ യോഗം വിളിച്ച് ചേർക്കാനും പ്രതിരോധമാർഗ്ഗങ്ങൾ അറിയിക്കാനും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.
18ന് ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ പരിശോധന നടത്തി ആവശ്യമായ ശുചീകരണ പ്രവർത്തനങ്ങൾ നടത്തും. തുടർന്ന് 20, 21 ദിവസങ്ങളിൽ സംയോജിത കൊതുക് നിയന്ത്രണ പരിപാടികൾ വാർഡ് തലത്തിൽ വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കും. മുൻ കാലങ്ങളിൽ കാര്യമായ തോതിൽ പകർച്ചപ്പനിയോ മറ്റ് ആരോഗ്യ പ്രശ്നങ്ങളോ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ പ്രത്യേകമായി ഇത്തരം പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്താനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. ഇതിനായി കുടുംബശ്രീ, ആശ വർക്കർമാർ, ട്രോമകെയർ വാളന്റിയർമാർ എന്നിവരുടെ സേവനവും ലഭ്യമാക്കും.