മലപ്പുറം: ലോക്സഭ തിരഞ്ഞെടുപ്പിൽ ജില്ലയിലെ ഓരോ നിയമസഭ മണ്ഡലത്തിലെയും അഞ്ച് ബൂത്തുകളിലെ വി.വി പാറ്റുകൾ എണ്ണും. പൊന്നാനിയിലെ തൃത്താല മണ്ഡലം ഉൾപ്പെടെ 85 ബൂത്തുകളിലെ വി.വിപാറ്റുകളാണ് ജില്ലയിൽ എണ്ണുക.
പോസ്റ്റൽ ബാലറ്റുകളാണ് ആദ്യമെണ്ണുക. തുടർന്ന് ഇ.വി.എം വോട്ടുകളും അവസാനം വി.വിപാറ്റ് രസീതുകളും എണ്ണിത്തുടങ്ങും. നറുക്കെടുത്താണ് ഒരോ മണ്ഡലത്തിലെയും അഞ്ച് ബൂത്തുകൾ ഏതാണെന്ന് തീരുമാനിക്കുക. വി.വി പാറ്റ് എണ്ണാനായി ക്രമീകരിച്ചിരിക്കുന്ന ടേബിളുകളിൽ ഒരു മൈക്രോ ഒബ്സർവർ, കൗണ്ടിംഗ് സൂപ്പർവൈസർ, കൗണ്ടിംഗ് അസിസ്റ്റന്റ് എന്നിവരുണ്ടാവും. ഇ.വി.എം എണ്ണുന്ന അതേ ടേബിളുകളിൽ അതത് ഉദ്യോഗസ്ഥർ തന്നെയാണ് വി.വി പാറ്റ് രസീതുകളും എണ്ണുക.
വോട്ടെണ്ണൽ മേയ് 23ന് രാവിലെ എട്ടിന് ജില്ലയിൽ വോട്ടെണ്ണലിനായി ക്രമീകരിച്ചിരിക്കുന്ന വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കും. ഇതിനു മുന്നോടിയായി ഒബ്സർവർമാർ,സ്ഥാനാർത്ഥി ,ഏജന്റ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ സ്ട്രോംഗ്റൂമുകൾ തുറക്കും. മുഴുവൻ പ്രവർത്തനങ്ങളും വീഡിയോയിൽ പകർത്തും.
കൂടുതൽ വണ്ടൂരിലും
നിലമ്പൂരിലും
ജില്ലയിൽ ഏറ്റവും കൂടുതൽ വി.വി പാറ്റ് മെഷീനുകൾ ഉപയോഗിച്ചിരുന്നത് വണ്ടൂർ, നിലമ്പൂർ നിയോജക മണ്ഡലങ്ങളിലെ ബൂത്തുകളിലായിരുന്നു.
ആർക്കാണ് വോട്ട് ചെയ്തെന്ന് വോട്ടർക്ക് പരിശോധിച്ച് ഉറപ്പുവരുത്താനായി ഓരോ ബൂത്തിലും ഒരുക്കിയ സംവിധാനമായിരുന്നു വി.വി പാറ്റ്.
വോട്ട് രേഖപ്പെടുത്തി കഴിഞ്ഞപ്പോൾ സ്ഥാനാർത്ഥിയുടെ ചിഹ്നവും പേരുമടങ്ങിയ രസീത് ഓരോ വോട്ടർമാർക്കും ഏഴ് സെക്കൻഡ് വരെ വി.വി പാറ്റ് മെഷീനിൽ കാണാൻ കഴിഞ്ഞിരുന്നു.
2750 ബൂത്തുകളാണ് ജില്ലയിലുള്ളത്.
3856 വി.വി പാറ്റ്
മെഷീനുകളാണ്
ജില്ലയിലുപയോഗിച്ചത്