കൊണ്ടോട്ടി: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവള പരിസരത്തെ അനധികൃത അറവുശാലകൾക്കെതിരെ നടപടി ശക്തമാക്കാൻ ജില്ലാ കളക്ടർ അമിത് മീണയുടെ അദ്ധ്യക്ഷതയിൽ ചേർന്ന വ്യോമ ഗതാഗത സുരക്ഷിതത്വ പാരിസ്ഥിതിക സമിതി യോഗം തീരുമാനിച്ചു. സമീപ പഞ്ചായത്തുകളിലും നഗരസഭയിലുമുള്ള ഇത്തരം സ്ഥാപനങ്ങൾക്കെതിരെ അടിയന്തര നടപടി സ്വീകരിക്കാൻ സമിതി ചെയർമാൻ കൂടിയായ കളക്ടർ നിർദ്ദേശിച്ചു. വിമാനത്താവള ചുറ്റുമതിലിനോട് ചേർന്നും പരിസരത്തും നടക്കുന്ന അനധികൃത ഖനനത്തിനെതിരെ നടപടി ശക്തമാക്കും. അസമയങ്ങളിലെ ഖനനം പരിശോധിക്കാനും നിർദ്ദേശിച്ചു. നഗരസഭ പരിധിയിലെ കടകളിൽ നിർദ്ദിഷ്ട അളവിൽ കുറഞ്ഞ ഗുണനിലവാരത്തിലുള്ള പ്ലാസ്റ്റിക് കാരി ബാഗുകൾ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കണം. വിമാനത്താവള പരിസര ശുചീകരണം കാര്യക്ഷമമാക്കാൻ തദ്ദേശസ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു. സമീപ പഞ്ചായത്തുകളിലെ ഭക്ഷ്യ വസ്തുക്കൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കാൻ നടപടിയെടുക്കാനും തെരുവ് നായകളെ നിയന്ത്രിക്കുന്നതിനായി എ.ബി.സി. പദ്ധതി നടപ്പാക്കാനും യോഗം നിർദ്ദേശിച്ചു.
മലപ്പുറം കളക്ടറേറ്റിൽ നടന്ന യോഗത്തിൽ എയർപോർട്ട് ഡയറക്ടർ കെ.ശ്രീനാവാസ റാവു, സി.ഐ.എസ്.എഫ് അസിസ്റ്റന്റ് കമൻഡാന്റ് സരോജ് ഭൂപേന്ദ്ര, ഡി.എം.ഒ ഡോ.കെ.സക്കീന, കൊണ്ടോട്ടി താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ പി. അബൂബക്കർ, റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി. രാജീവ്, എയർ അതോറിറ്റി ജോയിന്റ് ജനറൽ മാനേജർമാരായ കെ.മുഹമ്മദ് ഷാഹിദ്, രാജൻ ഗോപി, കൊണ്ടോട്ടി നഗരസഭ, പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കും
വിമാനത്താവള പരിസരത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി നടപ്പാക്കിയ ഒറ്റവരി പാർക്കിംഗ് പ്രവർത്തനം വിലയിരുത്തി കുരുക്കൊഴിവാക്കാനുള്ള നടപടി വേഗത്തിലാക്കും.
വിമാനത്താവള റോഡിൽ നുഹ്മാൻ ജംഗ്ഷൻ വരെ വരുന്ന ബസുകളുടെ സർവീസ് എയർപോർട്ട് വരെ നീട്ടാൻ നടപടി സ്വീകരിക്കും.
വിമാനത്താവളത്തിൽ നിന്നും മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് കെ.എസ്.ആർ.ടിസി സർവീസ് ആരംഭിക്കുന്നതും പരിഗണിക്കും.