മലപ്പുറം: ജില്ലയിലെ ഏക സർക്കാർ വനിതാ കോളേജിന് പുതിയ അദ്ധ്യയന വർഷം സ്വന്തം കെട്ടിടമൊരുങ്ങിയേക്കും. പാണക്കാട്ടെ ഇൻകെൽ എജ്യൂ സിറ്റിയിലെ കെ.എസ്.ഐ.ഡി.സിയുടെ അഞ്ച് ഏക്കർ ഭൂമി റവന്യു വകുപ്പിന് അനുവദിച്ചിട്ടുണ്ട്. ഭൂമി കൈമാറുന്നതിൽ ആക്ഷേപമുണ്ടെങ്കിൽ അറിയിക്കാനായി പെരിന്തൽമണ്ണ ആർ.ടി.ഒ അനുവദിച്ച ഒരുമാസത്തെ സമയപരിധി തീരാനിരിക്കെയാണ് ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ശേഷം ഭൂമി റവന്യൂ വകുപ്പിന് കൈമാറുമെന്നാണ് വിവരം. കെട്ടിട നിർമ്മാണത്തിനായി കിഫ്ബി ഫണ്ടിൽ നിന്ന് പത്ത് കോടി രൂപയും പി. ഉബൈദുള്ള എം.എൽ.എയുടെ വികസന ഫണ്ടിൽ നിന്ന് നാല് കോടിയുമടക്കം 14 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. കഴിഞ്ഞ ഡിസംബറിൽ വിദ്യാഭ്യാസ മന്ത്രിയുടെ അദ്ധ്യക്ഷതയിൽ എം.എൽ.എ, ഉന്നത വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, കോളേജ് പ്രിൻസിപ്പൽ, പി.ടി.എ എന്നിവരുടെ യോഗം ചേർന്ന് കെട്ടിട നിർമ്മാണം വേഗത്തിലാക്കാൻ തീരുമാനമെടുത്തിരുന്നു. ഭൂമി ലഭിക്കുന്നതോടെ തുടക്കത്തിൽ എം.എൽ.എ ഫണ്ടുപയോഗിച്ച് കെട്ടിട നിർമ്മാണം ആരംഭിക്കും. ശേഷം കിഫ്ബി ഫണ്ടു കൂടി ഉൾപ്പെടുത്തി വിപുലമായ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തും. നിലവിൽ മുണ്ടുപറമ്പിലെ സ്വകാര്യ കെട്ടിടത്തിലാണ് കോളേജ് പ്രവർത്തിക്കുന്നത്. ഉന്നതവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റാണ് കെട്ടിടവാടക നൽകുന്നത്. ഒരുവർഷത്തേക്ക് കൂടി മാത്രമേ വാടക നൽകാനാവൂ എന്നാണ് ഡയറക്ടറേറ്റിന്റെ നിലപാട്. ഇതിൽ രണ്ടുമാസം പിന്നിട്ടിട്ടുണ്ട്.വനിതാ കോളേജ് നാലാം വർഷത്തിലേക്ക് കടന്നിട്ടും സ്വന്തം കെട്ടിടമില്ലാത്തതിനാൽ ലാബ് അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ യഥാവിധി ഒരുക്കാനായിട്ടില്ല. തുടക്കത്തിൽ കോട്ടപ്പടി ജി.ബി.എച്ച്.എസ്.എസിലെ ഇടുങ്ങിയ കെട്ടിടത്തിലാണ് കോളേജ് പ്രവർത്തിച്ചിരുന്നത്. ഇവിടെ സ്കൂളിനായി പുതിയ കെട്ടിടം നിർമ്മിക്കേണ്ടതിനാൽ കോളേജ് മുണ്ടുപറമ്പിലേക്ക് മാറ്റി. ആദ്യ ബാച്ചിൽ നാല് ബിരുദ കോഴ്‌സുകളിലായി 128 വിദ്യാർത്ഥികളാണ് ഉണ്ടായിരുന്നത്. കോഴ്സുകളിൽ രണ്ടെണ്ണം സയൻസാണെന്നതിനാൽ ലാബ് അനിവാര്യമാണ്. സ്വന്തം കെട്ടിടമില്ലാത്തതിനാൽ താത്ക്കാലിക ലാബാണ് ഒരുക്കിയിട്ടുള്ളത്. വനിതകൾക്ക് മാത്രമായി സർക്കാർ തലത്തിൽ കോളേജില്ലെന്നത് പരിഗണിച്ചാണ് ജില്ലയ്ക്ക് വനിതാ കോളേജ് അനുവദിച്ചത്. 400 കുട്ടികളാണ് നിലവിൽ വനിതാകോളേജിൽ പഠിക്കുന്നത്. ജീവനക്കാരുടെ കുറവ് വെല്ലുവിളി ഓഫീസ് ജീവനക്കാരുടെ തസ്തിക ഇതുവരെ രൂപീകരിക്കാത്തതാണ് വലിയ തിരിച്ചടി. മലപ്പുറം ഗവ. കോളേജിലെ രണ്ട് ജീവനക്കാരെ വർക്ക് അറേഞ്ച്മെന്റിൽ നിയമിച്ചാണ് മൂന്നോട്ടുപോവുന്നത്.എട്ടോളം ജീവനക്കാർ വേണ്ടയിടത്താണിത്. 24 അദ്ധ്യാപകരിൽ ഒമ്പത് പേർ മാത്രമാണ് സ്ഥിരാദ്ധ്യാപകർ. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം കോളേജിനായുള്ള ഭൂമി കൈമാറ്റം വേഗത്തിലാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടി. സുബാഷ്, പ്രിൻസിപ്പൽ ആന്റ് സ്പെഷ്യൽ ഓഫീസർ