മലപ്പുറം: പ്ലസ്‌വൺ പ്രവേശനത്തിനുള്ള ഏകജാലകം ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ ജില്ലയിൽ ഇതുവരെ അപേക്ഷിച്ചത് 77,073 പേർ. ഇതിൽ 72,455 പേർ എസ്.എസ്.എൽ.സിയും 3,669 പേർ സി.ബി.എസ്.ഇയും 42 പേർ ഐ.സി.എസ്.ഇയും പൂർത്തിയാക്കിയവരാണ്. 21,683 പേരുടെ ഓൺലൈൻ വെരിഫിക്കേഷൻ നടപടികൾ പൂർത്തിയായി. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അപേക്ഷകരുള്ളത് മലപ്പുറത്താണ്. സീറ്റുകൾ വർദ്ധിപ്പിക്കുകയോ അധിക ബാച്ച് അനുവദിക്കുകയോ ചെയ്യുമെന്ന പ്രതീക്ഷയിലാണ് വിദ്യാർത്ഥികൾ. നിലവിലെ അവസ്ഥയിൽ ഓപ്പൺ സ്കൂളിനെയും ആശ്രയിക്കേണ്ടി വരും. ജില്ലയിൽ മെറിറ്റ് വിഭാഗത്തിൽ 33,324 സീറ്റുകളും നോൺ മെറിറ്റിൽ 18,488ഉം സ്പോർട്സ് ക്വാട്ടയിൽ 963 സീറ്റുമടക്കം 52,775 സീറ്റുകളുണ്ട്. എസ്.എസ്.എൽ.സിയിൽ 78,335 പേരാണ് വിജയിച്ചത്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ വിദ്യാർത്ഥികൾ ഇതിനുപുറമെയാണ്. അതേസമയം സീറ്റുകൾ വർദ്ധിപ്പിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ മിക്ക സ്കൂളുകളിലുമില്ലെന്നതാണ് വെല്ലുവിളി. ബാച്ചുകൾ അനുവദിക്കുമ്പോൾ ക്ലാസ് മുറികളടക്കം കണ്ടെത്തേണ്ടി വരും. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് അനുവദിച്ച അധിക ബാച്ചുകളിൽ മിക്കതിനും ക്ലാസ് മുറികളും ലാബ് സൗകര്യങ്ങളുമൊരുക്കിയത് അടുത്തിടെയാണ്. അക്കാദമിക് നിലവാരമുയർന്ന സ്കൂളുകൾ അധിക ബാച്ചെന്ന ആവശ്യത്തോട് മുഖം തിരിക്കുന്നതും തിരിച്ചടിയാണ്. ജില്ലയിൽ 248 സ്കൂളുകളിലായി 1,055 ബാച്ചുകളാണുള്ളത്. ഇക്കാര്യത്തിലും സംസ്ഥാനത്ത് മുന്നിൽ മലപ്പുറമാണ്. ഗവ. സ്കൂളുകൾ - 85, എയ്ഡസ് -88, അൺഎയ്ഡഡ് - 69, സ്പെഷൽ - 2, റെസിഡെൻഷ്യൽ - 1, ടെക്നിക്കൽ - 3 എന്നിങ്ങനെയാണ് സ്കൂളുകളുടെ എണ്ണം. സയൻസ് വിഷയങ്ങൾക്കാണ് കൂടുതൽ ആവശ്യക്കാരുള്ളത്. സർക്കാർ തലത്തിൽ 160 സയൻസ് ബാച്ചുകളുണ്ട്. എയ്ഡഡ് തലത്തിൽ184ഉം അൺ എയ്ഡഡിൽ 94 ബാച്ചുകളിലായി 21,888 സീറ്റുകളുമാണുള്ളത്. ഹ്യൂമാനിറ്റീസിൽ സർക്കാർ തലത്തിൽ 122, എയ്ഡഡ് തലത്തിൽ 90, അൺ എയ്ഡഡിൽ 50 എന്നിങ്ങനെ ബാച്ചുകളുണ്ട്. ആകെ 13,000 സീറ്റുകളാണുള്ളത്. കൊമേഴ്സിൽ സർക്കാർതലത്തിൽ 161, എയ്ഡഡ് തലത്തിൽ കൊമേഴ്സ് 115, അൺ എയ്ഡഡിൽ 82 എന്നിങ്ങനെയായി 17,889 സീറ്റുകളുണ്ട്.