തേഞ്ഞിപ്പലം: അപൂർവ രോഗം ബാധിച്ച് നാലര വർഷമായി കിടപ്പിലായ ബാലനെ സഹായിക്കാൻ നാട്ടുകാരുടെ സഹായസമിതി. ചേളാരി അരീപ്പാറയിൽ വാടകയ്ക്ക് താമസിക്കുന്ന ചെറുവാനത്ത് മീത്തൽ ഫൈസലിന്റെയും ഹഫ്സത്തിന്റെയും മൂത്ത മകൻ റിനു അൻഷികിനെ ചികിത്സിക്കാനാണ് പഞ്ചായത്ത് പ്രസിഡന്റ് സഫിയ റസാഖ്, ബ്ലോക്ക് പഞ്ചായത്തംഗം രാജേഷ് ചാക്യാടൻ എന്നിവർ രക്ഷാധികാരികളായി സമിതിയുണ്ടാക്കിയത്.
ജന്മനാ തന്നെ കരൾ, കുടൽ, വൃക്ക എന്നിവയെല്ലാം സ്ഥാനം മാറിക്കിടന്ന കുട്ടിക്ക് ജനിച്ചതിന്റെ പിറ്റേന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ നടത്തി. ആറ് മാസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്. ഇപ്പോഴും കഴുത്തുറച്ചിട്ടില്ല. ഇടയ്ക്കിടെ പനിയും അപസ്മാരവും വരും. മാസത്തിൽ പകുതി ദിവസവും ആശുപത്രിയിൽ ഐ.സി.യു.വിലോ വെന്റിലേറ്ററിലോ കിടക്കേണ്ട അവസ്ഥയാണ്. ദിവസവും ഫിസിയോ തെറാപ്പി നടത്തുന്നുണ്ട്.
പ്രമുഖ സ്വകാര്യ ആശുപത്രികളിലും കോഴിക്കോട്, വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജുകളിലും ചികിത്സ നടത്തിയിരുന്നു. മൂന്നുമാസം തുടർച്ചയായി ചികിത്സ നൽകിയാൽ ഇരിക്കാനും തുടർ ചികിത്സയിലൂടെ നടക്കാനും കഴിയുമെന്ന് ചേളാരിയിലെ ആയുർവേദ ഡോക്ടർ പറഞ്ഞിട്ടുണ്ട്. ദിവസം രണ്ടായിരം രൂപയുടെ മരുന്നുകൾ വേണം. ഇതിനുള്ള പണം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഫായിസും കുടുംബവും.
കോഴിക്കോട് നന്തിയിലെ ദാറുസ്സലാം യത്തീംഖാനയിൽ നിന്ന് ദാരിമി ബിരുദം നേടിയ ഫായിസ് ഹൗസ് കീപ്പിംഗ് സ്ഥാപനം നടത്തിയിരുന്നു. മകന്റെ ചികിത്സാ ചെലവുകൾക്കായി സ്ഥാപനം മറ്റൊരാൾക്ക് കൈമാറി അവിടെ ജീവനക്കാരനായി തുടരുകയാണ്. ആശുപത്രിവാസം കാരണം ലക്ഷങ്ങളുടെ ബാദ്ധ്യതയുമുണ്ട്. നാട്ടുകാരുണ്ടാക്കിയ സഹായ സമിതിയാണ് ഇനി പ്രതീക്ഷ.
വാർഡംഗം കെ.ഇ. ഉണ്ണിക്കമ്മു ചെയർമാനും പി. നാരായണൻ ജനറൽ കൺവീനറും എം.പി. ജനാർദ്ദനൻ ട്രഷററുമായ സമിതി
തേഞ്ഞിപ്പലം സഹകരണ റൂറൽ ബാങ്കിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ ടി.ആർ.ബി.എ 100010010773, ഐ.എഫ്.എസ്.സി-ഐ.സി.ഐ.സി 0000103.വിദേശത്ത് നിന്നു പണമയക്കാൻ റൂറൽ ബാങ്കിന്റെ റിനു അൻഷിക് ചികിത്സാ സഹായനിധി എക്കൗണ്ട് നമ്പർ 16470200001003, ഐ.എഫ്.എസ്.സി-എഫ്.ഡി.ആർ.എൽ 0001647.