മലപ്പുറം: ജില്ലയിൽ വസ്തുതകൾ മറച്ചുവച്ച് മുൻഗണന പട്ടികയിൽ കടന്നുകൂടിയ 33624 കുടുംബങ്ങളെ ഒഴിവാക്കി പൊതുവിഭാഗത്തിൽ ഉൾപ്പെടുത്തി. വകുപ്പുതല പരിശോധനയിലൂടെയും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിൽ നിന്നും തദ്ദേശ സ്വയംഭരണ വകുപ്പിൽ നിന്നും നാല് ചക്രവാഹനമുള്ളവരുടെയും 1000 സ്ക്വയർ ഫീറ്റിൽ കൂടുതൽ വിസ്തീർണ്ണമുള്ള വീടുള്ളവരുടെയും വിവരങ്ങൾ ലഭ്യമാക്കി ഡാറ്റാമാപ്പിംഗ് നടത്തിയാണ് അനർഹരെ കണ്ടെത്തിയത്.
അന്തിമ മുൻഗണന പട്ടികയിൽ കടന്നുകൂടിയ അനർഹർക്ക് ലഭിച്ച കാർഡുകൾ സ്വമേധയാ മാറ്റാൻ അവസരം നൽകിയിരുന്നു. മുൻഗണന പട്ടികയിൽ കടന്നു കൂടിയ അനർഹർക്ക് നിശ്ചിത തുക പിഴയാണ് ഈടാക്കിയിട്ടുള്ളത്. ഇനിയും വസ്തുതകൾ മറച്ചുവച്ച് മുൻഗണന പട്ടികയിൽ തുടരുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കും. അനർഹമായി ഉൾപ്പെട്ട കാലയളവിലെ റേഷൻ വിഹിതത്തിലെ കമ്പോള വില ഈടാക്കാനും നടപടിയെടുക്കും.
മുൻഗണന വിഭാഗത്തിൽ 3,67,340 കാർഡുടമകളും പൊതുവിഭാഗത്തിൽ 1,93,596 ഉം അന്ത്യോദയ അന്നയോജന വിഭാഗത്തിൽ 53,023 ഉം സബ്സിഡി വിഭാഗത്തിൽ 3,03,988 കാർഡുടമകളാണുമുള്ളത്.
മുൻഗണന പട്ടികയുടെ ശുദ്ധീകരണം തുടർ പ്രക്രിയയായതിനാൽ വകുപ്പുതല പരിശോധനകൾ തുടരും.
പരിശോധനകളിൽ വസ്തുതകൾ മനഃപൂർവ്വം മറച്ചുവച്ച് ബോധപൂർവ്വം ആനുകൂല്യങ്ങൾ തട്ടിയെടുക്കുന്നുവെന്ന് ബോദ്ധ്യപ്പെടുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും.
ആരെങ്കിലും അനർഹമായി മുൻഗണന പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ബന്ധപ്പെട്ട റേഷൻ കാർഡ് നമ്പർ സഹിതം പരാതി നൽകാം.
ജില്ലാ സപ്ലൈ ഓഫീസർക്കും താലൂക്ക് സപ്ലൈ ഓഫീസർമാർക്കും സിവിൽ സപ്ലൈസ് ഓഫീസർമാർക്കും പരാതികൾ നൽകാവുന്നതാണ്.
പൊതുപരാതികളും പരിഗണിക്കപ്പെടും. പരാതിപ്പെടുന്ന ആളെക്കുറിച്ചുള്ള വിവരം രഹസ്യമായി സൂക്ഷിക്കും.
9,17,947
കാർഡുടമകളാണ് ജില്ലയിൽ നിലവിലുള്ളത്