കൊണ്ടോട്ടി:കാറുകൾ കൂട്ടിയിടിച്ച് രണ്ടു കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റു. ആനക്കയം സ്വദേശി കുഞ്ഞിമുഹമ്മദ്, കോഴിക്കോട് മാവൂർ റോഡ് സ്വദേശി ഹംസക്കോയ, മലപ്പുറം മേൽമുറി നൂറേങ്ങൽ അബ്ദുൾ മുനീർ,മറ്റൊരു കാറിലുണ്ടായിരുന്ന രണ്ടു കുട്ടികൾ എന്നിവർക്കാണ് പരിക്കേറ്റത്.
മൊറയൂർ വാലഞ്ചേരിയിൽ ബുധനാഴ്ച്ച പുലർച്ചെ മൂന്നോടെയാണ് അപകടം. കൊണ്ടോട്ടി ഭാഗത്ത് നിന്നു വരികയായിരുന്ന മാരുതി ബ്രസ കാർ നിയന്ത്രണം വിട്ട് കരിപ്പൂർ എയർപോർട്ടിലേക്ക് പോകുകയായിരുന്ന ആൾട്ടോ കാറിൽ ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ബ്രസ കാർ റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന ഇന്നോവ കാറിന് മുകളിലേക്ക് പാഞ്ഞ് കയറിയാണ് നിന്നത്. മൂന്നു കാറുകളും ഭാഗികമായി തകർന്നു. മലപ്പുറത്ത് നിന്നും ഇലക്ഷൻ കൗണ്ടിംഗ് സ്റ്റേഷനിലെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന വാഴക്കാട് പൊലീസാണ് അപകടത്തിൽ പരിക്കേറ്റവരെ പൊലീസ് ജീപ്പിൽ മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിച്ചത്. ഇതിൽ സാരമായി പരിക്കേറ്റ രണ്ടു പേരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. .രണ്ടു ദിവസം മുമ്പ് ഇതേ സ്ഥലത്ത് അപകടം നടന്നിരുന്നു.