മലപ്പുറം: ആയിരം മാസങ്ങളുടെ പുണ്യം തേടി വിശ്വാസി ലക്ഷങ്ങൾ സംഗമിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ റംസാൻ പ്രാർത്ഥനാസംഗമം ഈ മാസം 31ന് മലപ്പുറം ജില്ലയിലെ സ്വലാത്ത് നഗറിൽ നടക്കും. ലൈലത്തുൽ ഖദ്ർ പ്രതീക്ഷിക്കപ്പെടുന്ന റംസാൻ 27-ാം രാവിലാണ് ആത്മീയ കൂട്ടായ്മ. മലപ്പുറം സ്വലാത്ത് നഗറിലെ മഅ്ദിൻ അക്കാദമിയാണ് സംഘാടകർ. റംസാനിലെ അവസാനത്തെ വെള്ളിയാഴ്ചയായതിനാൽ ഇത്തവണ വളരെ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കുന്നത്.
ഭീകരതക്കും ലഹരിയ്ക്കുമെതിരായി മഅ്ദിൻ ചെയർമാനും കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറിയുമായ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
സമസ്ത പ്രസിഡന്റ് ഇ. സുലൈമാൻ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ മുഖ്യപ്രഭാഷണം നിർവഹിക്കും. മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി സന്ദേശ പ്രഭാഷണവും പ്രാർത്ഥനയും നിർവ്വഹിക്കും.
രാത്രി ഒമ്പതുമണിയോടെ മുഖ്യവേദിയിൽ പ്രാർത്ഥനാസമ്മേളനത്തിന്റെ പ്രധാന ചടങ്ങുകൾ ആരംഭിക്കും. വിശാലമായ പന്തലുകളും ഓഡിറ്റോറിയങ്ങളും സജ്ജീകരിക്കുന്നത് പുരോഗമിക്കുകയാണ്. പൊലീസ്, ഫയർ ഫോഴ്സ്, മെഡിക്കൽ വിംഗുകൾ ഉൾപ്പെടെ നഗരിയിലും പരിസരങ്ങളിലുമായി നൂറിലധികം ഹെൽപ്പ് ലൈൻ കൗണ്ടറുകൾ സജ്ജീകരിക്കും.
മഅ്ദിൻ വെബ് സൈറ്റ് വഴി വെബ്കാസ്റ്റിനുള്ള സംവിധാനങ്ങളുമൊരുക്കും. പ്രവാസികൾക്കായി പ്രത്യേക ഗൾഫ് കൗണ്ടറും വിദൂരങ്ങളിൽ നിന്നെത്തുന്നവർക്ക് അത്താഴ സൗകര്യവും പ്രത്യേകം ഒരുക്കും.
പ്രാർത്ഥനാസമ്മേളനം സംബന്ധിച്ചുള്ള വിവരങ്ങൾക്ക് പ്രത്യേക ഹെൽപ് ലൈൻ ഏർപ്പെടുത്തിയിട്ടുണ്ട്. ഫോൺ: 9633158822, 9645600072. Website: www.madin.edu.in.