മലപ്പുറം: ജില്ലയിലെ വിവിധ ഭക്ഷ്യ സുരക്ഷാ ഓഫീസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തി. പേഴ്സണൽ കാഷ് രജിസ്റ്റർ ശരിയായ രീതിയിൽ രേഖപ്പെടുത്താത്തതും ഓഫീസ് റെക്കാർഡുകൾ കൃത്യമായി സൂക്ഷിക്കാത്തതും ഫൈൻ അടയ്ക്കാൻ ഉത്തരവായിട്ടും വീഴ്ച വരുത്തിയവർക്കെതിരെ യാതൊരു വിധ നടപടിയും സ്വീകരിക്കാത്തതും പരിശോധനയിൽ വ്യക്തമായി. ഒരു ലക്ഷം രൂപ വരെ കോമ്പൗണ്ട് ചെയ്യാൻ അധികാരം ഉണ്ടായിട്ടും 5,000 രൂപ വരെ മാത്രമാണ് കോമ്പൗണ്ട് ചെയ്തത്. സ്ഥലം സന്ദർശിക്കാതെ തന്നെ ലൈസൻസ് അനുവദിച്ചതായും കണ്ടെത്തി.
ഇന്നലെ രാവിലെ 11ന് ആരംഭിച്ച പരിശോധന വൈകിട്ട് മൂന്നോടെയാണ് അവസാനിച്ചത്. ക്രമക്കേടുകൾക്ക് ഉത്തരവാദികളായവർക്കെതിരെ നടപടികൾക്ക് ശുപാർശ ചെയ്ത് വിജിലൻസ് ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും. ഭക്ഷ്യസുരക്ഷാ നിയമപ്രകാരമെടുക്കുന്ന സാമ്പിളുകൾ കൃത്യമായി പരിശോധനയ്ക്കായി അയക്കുന്നില്ലെന്നും പരാതികളിൽ നടപടി സ്വീകരിക്കാതെ ഉദ്യോഗസ്ഥർ അഴിമതി നടത്തുന്നതായും വിജിലൻസ് ഡയറക്ടർ അനിൽ കാന്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തുടനീളം ഇന്നലെ പരിശോധന നടത്തിയിട്ടുണ്ട്. മലപ്പുറം വിജിലൻസ് ഡിവൈ.എസ്.പി രാമചന്ദ്രന്റെ നിർദ്ദേശ പ്രകാരം മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് അസിസ്റ്റന്റ് ഭക്ഷ്യ സുരക്ഷാ കമ്മിഷണറുടെ ഓഫീസ് മലപ്പുറം, ഭക്ഷ്യ സുരക്ഷാ ഓഫീസ് പൊന്നാനി, തവനൂർ, ഭക്ഷ്യ സുരക്ഷാ ഓഫീസ് കൊണ്ടോട്ടി എന്നിവിടങ്ങളിൽ പരിശോധന നടത്തിയത്.
എസ്.ഐ മനോജ് പറയട്ട, കോഴിക്കോട് വിജിലൻസ് സ്പെഷൽ സെൽ എസ്.ഐ വി. സുരേഷ്, എ.എസ്.ഐമാരായ ശ്രീനിവാസൻ, മോഹൻദാസ്, വിജയകുമാർ, എസ്.സി.പി.ഒമാരായ ടി.ടി. ഹനീഫ, മുഹമ്മദ് റഫീഖ്, ജയപ്രകാശ്, സി.പി.ഒമാരായ വിജേഷ്, സന്തോഷ്, പ്രജിത്, ഡ്രൈവർ ജസീർ, അജിത്ത് കുമാർ, മണികണ്ഠൻ തുടങ്ങിയവരും മലപ്പുറം അഗ്രികൾച്ചർ ഓഫീസിലെ പി. സുരേഷ്, എൻ.സി. സുനിൽകുമാർ , പി. സുനിൽകുമാർ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.