എടക്കര: പത്താം ക്ലാസ് വിജയിച്ച വിദ്യാർത്ഥികൾക്ക് ടി.സി നൽകാൻ സ്വകാര്യ ഇംഗ്ലീഷ് മീഡ‌ിയം സ്‌കൂൾ ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടു. എടക്കര പാലുണ്ട ഗുണ്ട്‌ഷെപ്പേർഡ് സ്‌കൂളിലെ ആറ് വിദ്യാർത്ഥികളോടാണ് പ്ലസ്ടുവിനും സ്‌കൂളിൽ തുടരണമെന്നും ഇതല്ലെങ്കിൽ പ്ലസ്‌വൺ, പ്ലസ്ടു ഫീസായ ഒരു ലക്ഷം രൂപ ഒരുമിച്ച് നൽകണമെന്നും മാനേജുമെന്റ് ആവശ്യപ്പെട്ടതെന്ന് രക്ഷിതാക്കൾ പറയുന്നു. കോടതി ഉത്തരവുമായി വന്നാൽ ടി.സി നൽകാമെന്നാണ് മാനേജുമെന്റിന്റെ നിലപാട്.

സർക്കാർ സ്‌കൂളിൽ പ്ലസ്‌ വൺ പ്രവേശനത്തിന് അപേക്ഷിച്ചവരോടാണ് സ്‌കൂൾ അധികൃതർ പണം ആവശ്യപ്പെട്ടത്. പത്താം ക്ലാസിൽ 23 കുട്ടികളാണുള്ളത്. ഐ.സി.എസ്.ഇ സിലബസാണ് പിന്തുടരുന്നത്. പ്ലസ്ടുവിന് സർക്കാർ തലത്തിൽ മികച്ച സ്കൂളുകളുള്ളതിനാൽ ഉയർന്ന ഫീസ് നൽകി ഇവിടെ പഠനം തുടരാനിവില്ലെന്ന നിലപാടിലാണ് രക്ഷിതാക്കൾ.

പത്താം ക്ലാസ് വരെ പഠിക്കുന്നവർ പ്ലസ് ടുവിനും തുടരണമെന്ന നിബന്ധനയിലാണ് സ്കൂളിൽ പ്രവേശനം നൽകിയതെന്ന് മാനേജരും ഉടമയുമായ ജോർജ്ജ് ഫിലിപ്പ് കളരിക്കൽ പറയുന്നു. 2016ൽ ഹയർസെക്കൻഡറി ബാച്ച് തുടങ്ങിയപ്പോൾ രക്ഷിതാക്കൾ ഇക്കാര്യം ഉറപ്പേകിയിരുന്നു. ഇതല്ലെങ്കിൽ രണ്ട് വർഷത്തെ ഫീസടയ്ക്കണമെന്ന നിബന്ധനയും വച്ചു. പ്രോസ്‌പെക്ടസിലും ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്. ഇതംഗീകരിച്ച് പ്രവേശനം നേടിയവരാണ് ഇപ്പോൾ പ്രശ്നങ്ങളുമായി രംഗത്തുവന്നിട്ടുള്ളതെന്ന് മാനേജർ പറയുന്നു.

എന്നാൽ സ്കൂളിന്റെ വാദം തെറ്റാണെന്ന് രക്ഷിതാക്കൾ ചൂണ്ടിക്കാട്ടുന്നു. ടി.സി ലഭിക്കാൻ വിദ്യാഭ്യാസ വകുപ്പ് ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം. 1987ൽ സ്ഥാപിച്ച സ്കൂളിൽ എൽ.കെ.ജി മുതൽ പ്ലസ്ടു വരെയുണ്ട്.