മഞ്ചേരി: സൗദി ഭരണകൂടം പുതുതായി കൊണ്ടുവരുന്ന പ്രിവിലേജ് ഇഖാമ പ്രവാസി മലയാളികൾക്കും പ്രതീക്ഷയേറ്റുന്നു. സ്വദേശിവത്ക്കരണത്തെ തുടർന്ന് വിദേശികളുടെ നിലനിൽപ്പ് ഭീഷണിയിലായ സൗദിയിൽ സ്പോൺസർ ഇല്ലാതെ വിദേശികൾക്കു തൊഴിലെടുക്കാനുള്ള അവസരമാണ് പുതിയ ഇഖാമയിലൂടെ നടപ്പാവുക.
സ്പോൺസർമാരില്ലാതെ വിദേശികൾക്ക് താമസിക്കാനും തൊഴിലെടുക്കാനും അവസരമൊരുക്കുന്ന ഗ്രീൻ കാർഡ് സ്വഭാവത്തിലുള്ള പ്രിവിലേജ് ഇഖാമയാണ് സൗദി ഭരണകൂടം പ്രാവർത്തികമാക്കുന്നത്. സാമ്പത്തിക രംഗത്തെ വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായിട്ടാണ് പദ്ധതി.
അതേസമയം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അവിദഗ്ധ തൊഴിലാളികൾക്ക് ഇത് പ്രയോജനപ്പെടില്ല. തൊഴിൽ നഷ്ടമായി നാട്ടിലേക്കുള്ള പ്രവാസികളുടെ മടങ്ങിവരവ് അനുദിനം വർദ്ധിക്കുകയാണ്.
തൊഴിൽപരമായും സാമ്പത്തികമായുമുള്ള സ്തംഭനാവസ്ഥയാണ് ഇതോടെയുണ്ടാവുന്നത്. മടങ്ങി വരുന്ന പ്രവാസികളുടെ പുനരധിവാസത്തിന് വിവിധ പദ്ധതികൾ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും യഥാർത്ഥ പ്രശ്നത്തിന് ഇതിനാലൊന്നും പരിഹാരമായിട്ടില്ല.
നേട്ടം പ്രൊഫഷണലുകൾക്ക്
വിദേശ പ്രൊഫഷണലുകളേയും നിക്ഷേപകരേയും രാജ്യത്തേക്ക് ആകർഷിക്കാനാവുമെന്നാണ് ഭരണകൂടത്തിന്റെ വിലയിരുത്തൽ. വിദേശികൾക്ക് സ്ഥിരം താമസ വിസ നൽകുന്ന പദ്ധതി വിവിധ രംഗങ്ങളിൽ വിദഗ്ധരായ വിദേശികൾക്ക് സൗദിയിൽ കൂടുതൽ അവസരമൊരുക്കും.
സൗദിവൽക്കരണം നടപ്പാക്കിയ മേഖലകളിൽ നിലവിലുള്ള വിലക്ക് വിദേശികൾക്കു നിലനിർത്തിയാണ് സ്ഥിരം താമസ വിസയും പ്രിവിലേജ് ഇഖാമയും പ്രാവർത്തികമാക്കുന്നത്.