മലപ്പുറം : ലോക്സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്ക് പരിശീലന ക്ലാസ് സംഘടിപ്പിച്ചു. കൗണ്ടിങ് സൂപ്പർവൈസർ, അസിസ്റ്റന്റ് , മൈക്രോ ഒബ്സർവർമാർ തുടങ്ങിയവർക്കാണ് ക്ലാസ് സംഘടിപ്പിച്ചത്. വോട്ടിങ് മെഷീനും വിവിപാറ്റും കൈകാര്യം ചെയ്യേണ്ട രീതിയെക്കുറിച്ചും കൗണ്ടിങ് സ്റ്റേഷനിൽ പ്രവേശിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ക്ലാസിൽ വിശദീകരിച്ചു. പ്ലാനിങ് സെക്രട്ടറിയേറ്റിലെ കോൺഫറൻസ് ഹാളിൽ നടന്ന പരിശീലനത്തിൽ ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ വി.കെ അനിൽകുമാർ നേതൃത്വം നൽകി. സ്വീപ് കോർഡിനേറ്റർ അൻസു ബാബു ക്ലാസ്സെടുത്തു.
വോട്ടെണ്ണൽ നടപടികൾക്കായി 619 ഉദ്യോഗസ്ഥരെയാണ് ജില്ലയിൽ നിയോഗിച്ചിട്ടുള്ളത്. 244 മൈക്രോ ഒബ്സർവർമാരെയും 216 കൗണ്ടിങ് സൂപ്പർ വൈസർമാരെയും 230 കൗണ്ടിങ് സ്റ്റാഫിനെയുമാണ് വരണാധികാരി നേരിട്ട് നിയമിച്ചിട്ടുള്ളത്. സെക്കൻഡ് റാൻഡമൈസേഷനു ശേഷം നിയോജക മണ്ഡല കൗണ്ടിങ് ഹാൾ അടിസ്ഥാനത്തിലുള്ള ഉദ്യോഗസ്ഥരുടെ ലിസ്റ്റ് മെയ് 22 ന് അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർമാർക്ക് കൈമാറും.
അവർ ഉദ്യോഗസ്ഥരെ ഫോൺ മുഖേന കൗണ്ടിങ് ഹാൾ സംബന്ധമായ വിവരങ്ങൾ അറിയിക്കും. കൗണ്ടിങ് ഹാളിലെ ഏതൊക്കെ ടേബിളുകളിലാണ് ഓരോരുത്തരെയും നിയമിക്കേണ്ടതെന്നത് സംബന്ധിച്ച ലിസ്റ്റും ഐ.ഡി കാർഡും വോട്ടെണ്ണൽ ദിവസം തേർഡ് റാൻഡമൈസേഷനു ശേഷം അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർക്ക് നൽകും. തുടർന്ന് അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർ കൗണ്ടിങ് സ്റ്റാഫിന് ഐ.ഡി കാർഡ് വിതരണം ചെയ്യും.
രണ്ട് ഘട്ടങ്ങളിലായാണ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്നത്. ആദ്യ ഘട്ടത്തിൽ രണ്ട് ദിവസങ്ങളിലായി നാല് ടീമുകളായാണ് പരിശീലനം നൽകുന്നത്. ആദ്യഘട്ടത്തിലെ പരിശീലന ക്ലാസുകൾ ഇന്നും തുടരും.
എണ്ണാൻ ഓരോ റൂം, 12 ടേബിൾ
ഓരോ അസംബ്ലി നിയോജക മണ്ഡലത്തിനും ഓരോ റൂം എന്ന നിലയിലാണ് വോട്ടെണ്ണൽ ക്രമീകരിച്ചിരിക്കുന്നത്. ഓരോ റൂമിലും 12 ടേബിളുകളാണ് സജ്ജീകരിച്ചിട്ടുണ്ട്. ഓരോ ടേബിളിലും ഒരു കൗണ്ടിങ് സൂപ്പർവൈസർ, ഒരു കൗണ്ടിങ് അസിസ്റ്റന്റ്, ഒരു മൈക്രോ ഒബ്സർവർ എന്നിവരുണ്ടാകും. മേയ് 23 രാവിലെ എട്ടിനാണ് വോട്ടെണ്ണൽ ആരംഭിക്കുക.
പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങുക. ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ വോട്ടെണ്ണൽ പൂർത്തിയായതിന് ശേഷം ഓരോ അസംബ്ലി നിയോജക മണ്ഡലത്തിലെയും അഞ്ച് പോളിങ് സ്റ്റേഷനുകളിലെ വി.വിപാറ്റ് മെഷീനുകളിലെ പ്രിന്റഡ് ബാലറ്റുകൾ പരിശോധിക്കും. നറുക്കെടുപ്പിലൂടെയാവും പ്രിന്റഡ് ബാലറ്റ് എണ്ണുന്ന വിവിപാറ്റുകൾ തെരഞ്ഞെടുക്കുക. ഇതിന് ശേഷമാവും അന്തിമ ഫലപ്രഖ്യാപനം.