പരപ്പനങ്ങാടി: മികച്ച പ്രാഥമിക സൗകര്യങ്ങളടക്കം ഉറപ്പുവരുത്തുന്ന ആദർശ് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെട്ട പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിലെ ടോയ്ലെറ്റിൽ കയറണമെങ്കിൽ മൂക്കും കണ്ണും പൊത്തണം. ക്ലേസെറ്റടക്കം പൊട്ടിപൊളിഞ്ഞും ചുമരും നിലവുമാകെ അറപ്പ് തോന്നിക്കും വിധത്തിൽ വൃത്തിഹീനവുമാണ്.
പ്ലാറ്റ്ഫോമിലെ പണം കൊടുത്തു ഉപയോഗിക്കുന്ന ടോയ്ലെറ്റിന്റെ ദുരവസ്ഥയാണിത്.
തമിഴ്നാട് സ്വദേശിയാണ് ഇപ്പോഴത്തെ നടത്തിപ്പുകാരൻ. നല്ല നിലയിൽ ശുചീകരിച്ചാൽ പോലും കാലപ്പഴക്കം ചെന്ന കെട്ടിടം ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. കെട്ടിടത്തിന്റെ പിൻഭാഗത്തെ ആൽമരത്തിന്റെ വേരുകൾ ബിൽഡിങ്ങിലേക്ക് ഇറങ്ങി തറയും ചുമരും പൊട്ടിയിട്ടുണ്ട്. ഏത് നിമിഷവും പൊളിഞ്ഞു വീഴാറായ നിലയിൽ പ്രവർത്തിക്കുന്ന കെട്ടിടം പൊളിച്ചുമാറ്റി പുതിയ കെട്ടിടം നിർമ്മിച്ചാൽ മാത്രമേ ഒന്നാം പ്ലാറ്റഫോമിലെത്തുന്ന യാത്രക്കാരുടെ ദുരിതത്തിന് അറുതി വരുത്താനാവൂ.
കഴിഞ്ഞ യുപിഎ സർക്കാരിന്റെ കാലത്ത് ഇ അഹമ്മദ് റെയിവേ സഹമന്ത്രി ആയിരുന്നപ്പോഴാണ് പ്രാഥമികസൗകര്യങ്ങൾ അടക്കം നിരവധി വികസന പ്രവർത്തികൾ ഉൾക്കൊള്ളിച്ച് പരപ്പനങ്ങാടിയെ ആദർശ് സ്റ്റേഷനായി റെയിൽവേ പ്രഖ്യാപിച്ചത്. ജില്ലയിലെ പ്രധാന റെയിൽവേ സ്റ്റേഷൻ കൂടിയാണ് പരപ്പനങ്ങാടി .
പുതിയ ടോയ്ലറ്റിന്റെ നിർമ്മാണം രണ്ടാം പ്ലാറ്റ്ഫോമിൽ പരോഗമിക്കുകയാണെന്നും അടുത്ത മാസം തന്നെ യാത്രക്കാർക്കായി തുറന്നു കൊടുക്കുമെന്നും റയിൽവേ അധികൃതർ അറിയിച്ചു .