എടക്കര: പത്താം ക്ലാസ് കഴിഞ്ഞ കുട്ടികൾക്ക് ടി.സി നൽകാൻ വിസമ്മതിച്ച സ്കൂൾ മാനേജ്മെന്റ് നിലപാടിനെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥി, യുവജന സംഘടനകൾ രംഗത്ത്. ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ, എ.ഐ.വൈ.എഫ്, എ.ഐ.എസ്.എഫ്, എം.എസ്.എഫ് എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് സ്കൂൾ ഓഫീസ് ഉപരോധിച്ചത്. ഉച്ചക്ക് മൂന്ന് മണിയോടെയായിരുന്നു സമരം. വിദ്യാർഥികൾക്ക് ടി.സി നിഷേധിച്ച സംഭവത്തെ കുറിച്ച് മാനേജ്മെന്റുമായി ചർച്ച നടത്താനെത്തെിയതായിരുന്നു സംഘടനാ നേതാക്കൾ.
എന്നാൽ, സ്കൂളിന്റെ പ്രോസ്പെക്ടസിൽ പറഞ്ഞ കാര്യങ്ങൾ നിരത്തി തന്റെ വാദത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു സ്കൂൾ മാനേജർ. ഇതോടെ എടക്കര പൊലീസും സ്ഥലത്തെത്തെി. ഇതിനിടെ പ്രവർത്തകർ സംഘം ചേർന്ന് മുദ്രാവാക്യം വിളികളുമായി ഓഫീസിന് മുന്നിൽ കുത്തിയിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും തന്റെ ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലായിരുന്നു സ്കൂൾ മാനേജർ ജോർജ് ഫിലിപ്പ് കളരിക്കൽ. എന്നാൽ, മാനേജ്മെന്റിന്റെ ധിക്കാരമായ നടപടിക്കെതിരെ ശക്തമായ സമരവുമായി രംഗത്തുണ്ടാവുമെന്ന് ഡി.വൈ.എഫ്.ഐ ജില്ല വൈസ് പ്രസിഡന്റ് പി. ഷെബീർ പറഞ്ഞു. എടക്കര ബ്ളോക്ക് കമ്മിറ്റി അംഗങ്ങളായ സി.ടി. സലീം, അനസ്, മറ്റ് ഭാരവാഹികളായ പി. ജംഷീദലി, ടി. മനു, അഭിനവ്, അക്ഷര, ഷംനാസ് എന്നിവർ ഉപരോധ സമരത്തിന് നേതൃത്വം നൽകി.
ഇതിനിടെയാണ് എ.ഐ.വൈ.എഫ്, എ.ഐ.എസ്.എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകരും മുദ്രാവാക്യം വിളികളുമായി രംഗത്തത്തെിയത്. സാമ്പത്തിക ഭദ്രതയിലുള്ള സമയത്ത് കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകണമെന്ന ചിന്തയിൽ അതിന് ശ്രമിച്ച രക്ഷിതാക്കൾക്ക് സാമ്പത്തിക പ്രയാസത്തിലാകുമ്പോൾ മക്കളെ എവിടെ പഠിപ്പിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശമുണ്ടെന്നും ഇത് ഹനിക്കാൻ ആരെയും അനുവദിക്കില്ലെന്നും എ.ഐ.വൈ.എഫ് ഭാരവാഹി സക്കീർ ഹുസൈൻ പറഞ്ഞു. മണ്ഡലം സെക്രട്ടറി നൗഫൽ അമ്പലൻ, പ്രസിഡന്റ് അമിത നാരായണൻ, മോഹിത മോഹനൻദാസ്, ശിഹാബ് എന്നിവർ നേതൃത്വം നൽകി. എം.എസ്.എഫ് മണ്ഡലം ജനറൽ സെക്രട്ടറി സാജിത്, ജോ. സെക്രട്ടറി അമീർ അജുവദ്, സിറാജ് പോത്തുകൽ, ആഷിഖ്, നഈമുദ്ദീൻ എന്നിവരും സ്ഥലത്തത്തെിയിരുന്നു.