തേഞ്ഞിപ്പലം : പടിക്കൽ കരുവാങ്കല്ല് റോഡിലെ പൂതം കുറ്റിയിൽ പുതുതായി നിർമ്മിച്ച ഓവുപാലത്തിന് മുകളിൽ ടാറിംഗ് നടത്താത്തത് ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടാൻ ഇടയാക്കുന്നു. ഒരു മാസത്തിലധികമായി ഓവുപാലത്തിന്റെ പണി പൂർത്തീകരിച്ചിട്ട്. നേരത്തെ റബറൈസ് ചെയ്ത് നവീകരിച്ച റോഡ് പൊളിച്ച് മാറ്റിയാണ് ഓവുപാലം പണിതത്. റോഡ് പൊളിച്ച ഭാഗം ഇനിയും ടാറിംഗ് നടത്തിയിട്ടില്ല. ടാറിംഗ് പ്രവർത്തിക്കുള്ള നടപടികൾ നടന്ന് വരുന്നതേയുള്ളുവെന്നാണ് അസി: എൻജിനീയറിൽ നിന്ന് ലഭിച്ച വിവരമെന്ന് ഗ്രാമപഞ്ചായത്ത് അംഗം പി സി.വീരാൻ കുട്ടി പറഞ്ഞു.
ഓവുപാലം പുതുക്കിപ്പണിതപ്പോൾ റോഡിൽ നിന്നും ഉയർന്ന് നിൽക്കുന്നതാണ് ഇരു ചക്രവാഹനങ്ങളെ വെട്ടിലാക്കുന്നത്.
പെട്ടെന്ന് ഓവുപാലത്തിൽ കയറുന്ന ഇരുചക്ര വാഹനങ്ങൾ തെന്നി മറിഞ്ഞ് അപകടം പതിവാണിവിടെ. ഒരു മാസത്തിനിടയിൽ നിരവധി ഇരുചക്രവാഹനങ്ങൾ ഇവിടെ അപകടത്തിൽപ്പെട്ടതായി നാട്ടുകാർ പറയുന്നു.ആദ്യ എസ്റ്റിമേറ്റ് പ്രകാരം സൈഡ് കെട്ടി ഓവുപാലം പണി പൂർത്തീകരിച്ചെങ്കിലും ടാറിംഗ് നടത്തുന്നതിനുള്ള ഫണ്ട് വകയിരുത്തി നിയമ നടപടികൾ പൂർത്തീകരിക്കുന്നതിനുള്ള പൊതു മരാമത്തിന്റെ കാലതാമസമാണ് പ്രശ്നമായത്.