മലപ്പുറം: അതീവ ഗുരുതരമായ അമീബിക് മെനിഞ്ചൈറ്റിസ് (മസ്തിഷ്ക ജ്വരം) ബാധിച്ച് പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽകോളേജിൽ പ്രവേശിപ്പിച്ചിരുന്ന പത്തുവയസുകാരി മരണമടഞ്ഞു. അരിപ്ര ചെറിയച്ഛൻ വീട്ടിൽ സുരേന്ദ്രന്റെ മകൾ ഐശ്വര്യയാണ് മരിച്ചത്.
മലപ്പുറത്ത് ജനുവരി മുതൽ ഇതുവരെ 80 ഓളം മസ്തിഷ്ക ജ്വരം റിപ്പോർട്ട് ചെയ്തു. ഇതിൽ ആറ് പേർ മരിച്ചു. മസ്തിഷ്ക ജ്വരത്തിന് കാരണമായ രോഗാണുവിനെ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. രോഗികളുടെ കൃത്യമായ എണ്ണവും ആരോഗ്യവകുപ്പ് മറച്ചുവയ്ക്കുന്നതായി ആരോപണമുണ്ട്.
വെള്ളത്തിലൂടെ പടരുന്ന നെഗ്ലേറിയ ഫൗലേറി എന്ന ഏകകോശ ജീവിയാണ് അമീബിക് മെനിഞ്ചൈറ്റിസിന് കാരണമാകുന്നത്. ഐശ്യര്യയുടെ നട്ടെല്ലിലെ സ്രവം പരിശോധിച്ചപ്പോഴാണ് രോഗാണുവിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചത്. കടുത്ത പനിയെയും തലവേദനയെയും തുടർന്ന് ചൊവ്വാഴ്ചയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗം ബാധിച്ചാൽ രക്ഷപ്പെടുന്നത് അപൂർവമാണ്. മൂക്കിലൂടെ തലച്ചോറിലെത്തുന്ന നെഗ്ലേറിയ ഫൗലേറി തലച്ചോറിനെ ബാധിക്കുന്നതോടെ രോഗി അബോധാവസ്ഥയിലാകും. തുടർന്ന് മസ്തിഷ്ക മരണം സംഭവിക്കും.
പത്തു വയസുകാരിയുടെ മരണത്തോടെ രോഗപ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ഇന്നലെ ആരോഗ്യവകുപ്പ് ദ്രുതകർമ്മ മെഡിക്കൽ സംഘത്തെ നിയോഗിച്ചു. പനി സംബന്ധിച്ച് സൂക്ഷ്മ നിരീക്ഷണത്തിനും പഠനത്തിനും മാർഗ നിർദ്ദേശങ്ങൾ തയ്യാറാക്കാനുമാണ് സംഘത്തെ ചുമതലപ്പെടുത്തിയത്. പുഴയിലും ക്വാറികളിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിലും രോഗാണുവിന്റെ സാന്നിദ്ധ്യം ഉണ്ടാകാനിടയുണ്ടെന്നും അതിനാൽ ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ കെ. സക്കീന മുന്നറിയിപ്പ് നൽകി. രോഗം പിടിപെടാനുള്ള സാഹചര്യം സംബന്ധിച്ച് വിശദപരിശോധന തുടരുകയാണ്.
സൂക്ഷിക്കണം ജലാശയങ്ങളെ
ജലാശയങ്ങളിലാണ് നെഗ്ലേറിയ ഫൗലേറി രോഗാണു ഉണ്ടാവുക. കടലിൽ ഇതുവരെ കണ്ടെത്തിയിട്ടില്ല. 40 ഡിഗ്രി സെൽഷ്യസിൽ വരെ ഇവയ്ക്ക് ജീവിക്കാനാവും. നീന്തുമ്പോഴോ വെള്ളവുമായുള്ള സമ്പർക്കത്തിലൂടെയോ മൂക്കിലൂടെ രോഗാണു തലച്ചോറിലെത്തും. കടുത്ത പനിയും തലവേദനയും വയറുവേദനയുമാണ് രോഗലക്ഷണങ്ങൾ. രോഗം പിടിപെട്ടാൽ രണ്ടാഴ്ചയ്ക്കകം രോഗി അതീവ ഗുരുതരാവസ്ഥയിലാവും. 2016ലാണ് കേരളത്തിൽ ആദ്യമായി രോഗം റിപ്പോർട്ട് ചെയ്തത്. ആലപ്പുഴയിൽ കായലിൽ കുളിച്ചതിനെ തുടർന്ന് രോഗബാധയേറ്റ് പ്ലസ്‌വൺ വിദ്യാർത്ഥി മരിച്ചിരുന്നു.