പരപ്പനങ്ങാടി: പരപ്പനങ്ങാടി- കടലുണ്ടി റോഡിൽ നെടുവ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് സമീപം റോഡിലെ കുഴി വെട്ടിക്കവേ രണ്ടു ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു . നെടുവ അയ്യപ്പൻകാവ് ക്ഷേത്രത്തിനടുത്ത പരേതനായ നെച്ചിക്കാട്ട് കുഞ്ഞിരാമന്റെ മകൻ സത്യപാലൻ എന്ന ബാബു (52) ആണ് മരിച്ചത് . വെള്ളിയാഴ്ച രാത്രി എട്ടരയോടുകൂടിയാണ് സംഭവം. വള്ളിക്കുന്ന് ഭാഗത്തുനിന്നും നെടുവ അയ്യപ്പൻകാവ് ക്ഷേത്രത്തിനടുത്തുള്ള വീട്ടിലേക്കു പോവുകയായിരുന്ന സത്യപാലൻ പെട്ടെന്ന് റോഡിലെ കുഴി വെട്ടിക്കുന്നതിനിടയിൽ എതിർദിശയിൽ നിന്നും വരികയായിരുന്ന ചെറമംഗലം സ്വദേശി കാട്ടിലെപ്പറമ്പിൽ രഞ്ജിത്തിന്റെ ബൈക്കുമായി നേർക്കുനേർ ഇടിക്കുകയായിരുന്നു .അപകടം നടന്ന ഉടനെ തലക്കു ഗുരുതരമായി പരിക്കേറ്റ സത്യപാലനെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും അവിടെനിന്ന് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം ഏഴു മണിയോടുകൂടി മരിക്കുകയായിരുന്നു. അതേസമയം ഗുരുതരമായി പരിക്കേറ്റ രഞ്ജിത്ത് (26) കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ അപകടനില തരണംചെയ്തുവരുന്നു .
സുജാതയാണ് സത്യപാലന്റെ ഭാര്യ. മക്കൾ: ഷിബിൻ, മീനാക്ഷി.