മലപ്പുറം: ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ദിവസങ്ങൾ ശേഷിക്കെ ജില്ലയിൽ 1,705 പോസ്റ്റൽ വോട്ടുകൾ എത്തി. 611 സൈനികരുടെ സർവ്വീസ് വോട്ടും 1,094 സർക്കാർ ജീവനക്കാരുടെ പോസ്റ്റൽ വോട്ടുകളുമാണ് ഇതുവരെ ജില്ലാ വരണാധികാരിക്കു മുമ്പാകെ എത്തിയിട്ടുള്ളത്. ജില്ലയിലെ ആകെ 1,061 സർവ്വീസ് വോട്ടുകളുണാള്ളുത്. ഇതിൽ മലപ്പുറത്ത് 666 വോട്ടുകളും പൊന്നാനിയിൽ 395 വോട്ടുകളുമാണ്. ഇതിൽ 228 വോട്ടുകൾ മലപ്പുറം മണ്ഡലത്തിലും 383 എണ്ണം പൊന്നാനി മണ്ഡലത്തിലേതുമാണ്.
മലപ്പുറം പൊന്നാനി മണ്ഡലങ്ങളിൽ നിന്നായി ലഭിക്കേണ്ട സർക്കാർ ജീവനക്കാരുടെ 2,834 പോസ്റ്റൽ വോട്ടുകളിൽ 1,094 എണ്ണമാണ് ലഭിച്ചത്. മലപ്പുറം മണ്ഡലത്തിലെ ആകെ 1,856 പോസ്റ്റൽ വോട്ടുകളിൽ 767 വോട്ടുകളും പൊന്നാനി മണ്ഡലത്തിലെ 978 പോസ്റ്റൽ വോട്ടുകളിൽ 327 എണ്ണവുമാണ് ഇതുവരെയായി ലഭിച്ചത്. പോസ്റ്റൽ ബാലറ്റ് 23ന് രാവിലെ എട്ട് മണി വരെയാണ് ജില്ലാ വരണാധികാരി സ്വീകരിക്കുക. വിവിധ കാരണങ്ങളാൽ 31 പോസ്റ്റൽ ബാലറ്റുകൾ കക്ഷികൾ വാങ്ങാത്തതിനാലാ നിരസിച്ചതിനാലോ തിരിച്ചെത്തിയിട്ടുണ്ട്.
വരണാധികാരിയുടെയോ ഉപവരണാധികളായവരുടെയോ ഓഫീസുകളിൽ പോസ്റ്റൽ ബാലറ്റുകൾ നേരിട്ട് സ്വീകരിക്കില്ല. വിതരണ കേന്ദ്രത്തിലെ സൗകര്യം ഉപയോഗിക്കുകയോ തപാൽ മാർഗ്ഗം അയക്കുകയോ ചെയ്യാം. എല്ലാ ദിവസവും വൈകിട്ട് മൂന്ന് മണിക്കാണ് തപാൽ വകുപ്പ് പോസ്റ്റൽ ബാലറ്റ് ജില്ലാ വരണാധികാരിക്ക് എത്തിക്കുക. ദിവസവും ഇത് എണ്ണി തിട്ടപ്പെടുത്തി കമ്മിഷനെ അറിയിക്കും. ഇവ നിരീക്ഷിക്കുന്നതിനായി രാഷ്ട്രീയ പാർട്ടികൾക്കും സ്ഥാനാർത്ഥികൾക്കും സൗകര്യമൊരുക്കുകയും ചെയ്യും.