മലപ്പുറം: പ്ലസ് വൺ ഏകജാലക അപേക്ഷകളിലെ സ്കൂൾ തല വെരിഫിക്കേഷൻ നടപടികൾ ഇന്നലെ പൂർത്തിയായി. ജില്ലയിലെ 83,894 അപേക്ഷകളിൽ തെറ്റുകളില്ലെന്ന് ഉറപ്പുവരുത്തി ഓൺലൈൻ കൺഫർമേഷൻ നൽകി. അപേക്ഷകരിൽ 78,531 പേർ എസ്.എസ്.എൽ.സിയും 4,111 പേർ സി.ബി.എസ്.ഇയും 56 പേർ ഐ.സി.എസ്.ഇയും പൂർത്തിയാക്കിയവരാണ്.
അപേക്ഷകരുടെ പരിചയക്കുറവ് മൂലം ഓൺലൈനായി സമർപ്പിച്ച അപേക്ഷകളിൽ കടന്നുകൂടിയ തെറ്റുകൾ സ്കൂൾതല വെരിഫിക്കേഷൻ സമയത്ത് തിരുത്താൻ അവസരമുണ്ട്. പല സ്കൂളുകളിലും ഹെൽപ്പ് ഡെസ്ക്കുകൾ ഫലപ്രദമായി പ്രവർത്തിക്കാതിരുന്നത് തെറ്റുകൾ വർദ്ധിക്കാൻ കാരണമായി. ഇതു സംബന്ധിച്ച് ഹയർസെക്കന്ററി ഡയറക്ടറേറ്റിൽ പരാതികൾ ലഭിച്ചതോടെ ഹെൽപ്പ് ഡെസ്ക്ക് സജീവമാക്കാൻ പ്രിൻസിപ്പൽമാർക്ക് നിർദ്ദേശം നൽകിയിരുന്നു. സ്കൂൾ തല അപേക്ഷാ സമർപ്പണത്തിൽ കണ്ടെത്തിയ തെറ്റുകൾ അപേക്ഷകരെ ബോദ്ധ്യപ്പെടുത്തി രക്ഷിതാവിന്റെ ഒപ്പോട് കൂടി വാങ്ങിച്ച തിരുത്തൽ അപേക്ഷയിലെ വിവരങ്ങളും വെരിഫിക്കേഷൻ സമയത്ത് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.
20ന് ട്രയൽ അലോട്ട്മെന്റും 24ന് ആദ്യ അലോട്ട്മെന്റും പ്രസിദ്ധീകരിക്കും. സ്പോർട്സ് ക്വാട്ട ഒന്നാംഘട്ട അലോട്ട്മെന്റ് 24ന് പ്രസിദ്ധീകരിക്കും. 31ന് മുഖ്യ അലോട്ട്മെന്റ് അവസാനിക്കും. ജൂൺ മൂന്നിന് ക്ലാസുകൾ തുടങ്ങും വിധമാണ് നിലവിൽ അഡ്മിഷൻ പ്രവർത്തനങ്ങൾ മുന്നോട്ടു പോവുന്നത്. ജൂൺ മൂന്ന് മുതൽ ജൂലൈ അഞ്ച് വരെ സപ്ലിമെന്റി രണ്ടാംഘട്ടം നടക്കും. ജൂലൈ അഞ്ചിന് അഡ്മിഷൻ നടപടികൾ അവസാനിപ്പിക്കും.