കൊണ്ടോട്ടി: ദുബായിൽ നിന്നു കരിപ്പൂർ വിമാനത്താവളത്തിലെത്തിയ രണ്ടു യാത്രക്കാരിൽ നിന്നു 45 ലക്ഷം രൂപയുടെ സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടി. ഇന്നലെ രാവിലെ സ്പൈസ് ജെറ്റ് വിമാനത്തിൽ കരിപ്പൂരിലെത്തിയ മംഗ്ളൂരു ബഡ്കൽ സ്വദേശി മുഹമ്മദ് ഇംറ (28),മംഗ്ളൂരു സ്വദേശി നിസാർ അഹമ്മദ് (30) എന്നിവരിൽ നിന്നാണ് സ്വർണം പിടികൂടിയത്. ഇരുവരും സ്വർണം ഗുളിക രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ചു കടത്തുകയായിരുന്നു. സംശയം തോന്നിയ അധികൃതർ ചോദ്യം ചെയ്തപ്പോഴാണ് കള്ളക്കടത്ത് വിവരം ഇവർ പറഞ്ഞത്. ഇവ പിന്നീട് പുറത്തെടുപ്പിച്ചു. ഇരുവരിൽ നിന്നുമായി 1400 ഗ്രാം സ്വർണമാണ് പിടികൂടിയത്. ഇവയ്ക്ക് മാർക്കറ്റിൽ 45 ലക്ഷം രൂപ വില ലഭിക്കും. സ്വർണം ക്യാപ്സൂൾ രൂപത്തിൽ നിറവും രൂപവും മാറ്റി ശരീരത്തിൽ ഒളിപ്പിച്ചു കടത്തുന്ന രീതി വർദ്ധിച്ചിരിക്കുകയാണ്. ഇത്തരത്തിൽ സ്വർണക്കടത്തിന്റെ കരിയർമാരാകാൻ തയാറുള്ളവർക്കു ദുബായിൽ കള്ളക്കടത്ത് സംഘം പ്രത്യേക പരിശീലനം നൽകുന്നുണ്ടെന്നു അന്വേഷണ സംഘത്തിനു ബോദ്ധ്യപ്പെട്ടിട്ടുണ്ട്.