മഞ്ചേരി: ആനക്കയം ചിറ്റത്തുപാറയിൽ കടലുണ്ടിപ്പുഴയോരത്ത് വൻതോതിൽ കക്കൂസ് മാലിന്യം തള്ളി. കുമ്മങ്ങോട്ടു കടവിൽ രാത്രിയുടെ മറവിൽ തള്ളിയ മാലിന്യം പുഴവെള്ളത്തിൽ പരന്നൊഴുകുന്ന നിലയിലായിരുന്നു. നിരവധി ചെറുകിട കുടിവെള്ള വിതരണ പദ്ധതികൾക്കായി പുഴയിൽ വെള്ളം കെട്ടി നിറുത്തിയതിനടുത്ത് മാലിന്യം തള്ളിയത്ജനങ്ങളുടെ കടുത്ത പ്രതിഷേധത്തിനിടയാക്കി. തുടർന്ന് ഗ്രാമപഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തു പരിശോധന നടത്തി. പരിശോധനയ്ക്കിടെ പുഴയിൽ നിന്നു അനധികൃതമായി വെള്ളം കടത്തുന്നതും കണ്ടെത്തി. പമ്പുസെറ്റ് വച്ചായിരുന്നു ജലചൂഷണം. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശപ്രകാരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി മോട്ടോർ പിടിച്ചെടുത്തു. മാലിന്യ നിക്ഷേപവും ജലചൂഷണവും സംബന്ധിച്ചു പൊലീസിൽ പരാതി നൽകാനാണ് ഗ്രാമപഞ്ചായത്തിന്റെ തീരുമാനം. പുഴയോരത്തു തള്ളിയ മാലിന്യങ്ങൾ പഞ്ചായത്ത് അധികൃതർ ഇടപെട്ടു നീക്കം ചെയ്തു.
ജലചൂഷണം, മലിനജല വിതരണം എന്നിവ സംബന്ധിച്ച് നിയമ നടപടി സ്വീകരിക്കാൻ ഹെൽത്ത് ഇൻസ്പെക്ടർ പഞ്ചായത്തിന് റിപ്പോർട്ട് നൽകിയിട്ടുണ്ട് . മാലിന്യം കലർന്ന പുഴയിലെ വെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്കയച്ചു.
നേരത്തെ അറവു മാലിന്യങ്ങൾ നിരന്തരം തള്ളുന്ന മേഖലയായിരുന്നു ഇത്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് പൊലീസും ആരോഗ്യ വകുപ്പും നിരീക്ഷണം ശക്തമാക്കിയതോടെ പ്രശ്നത്തിനു അറുതിയായിരുന്നു.
സെക്രട്ടറി ടി. അബ്ദുൾ ഗഫൂർ, വൈസ് പ്രസിഡന്റ് സി.കെ.ഷിഹാബ്, മെമ്പർ കെ.വി.അബ്ദുറഷീദ്, മെഡിക്കൽ ഓഫീസർ ഡോ.പി.എം. ഫെമിന, ഹെൽത്ത് ഇൻസ്പെക്ടർ പി.ഉണ്ണിക്കൃഷ്ണൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എ.ശ്രീജിത്ത്, കെ.വി.സജീവ് കുമാർ, ക്ലാർക്ക് പ്രജീഷ് എന്നിവരാണ് സ്ഥലപരിശോധന നടത്തിയത്.
ലൈസൻസില്ലാത്ത അനധികൃത ജലവിതരണക്കാരിൽ നിന്നും ജനങ്ങൾ വെള്ളം വാങ്ങി ഉപയോഗിക്കരുതെന്ന് ആരോഗ്യ വകുപ്പും പഞ്ചായത്തും മുന്നറിയപ്പ് നൽകി.