പൊന്നാനി: മോഷണശ്രമം ആരോപിച്ച് പതിനാലുകാരനെ അഞ്ചംഗ സംഘം വിവസ്ത്രനാക്കി മർദ്ദിച്ചെന്ന് പരാതി. ശരീരമാസകലം മർദ്ദനമേറ്റ പാടുകളുണ്ട്. കുട്ടി പൊന്നാനി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയംകുട്ടി വീട്ടിൽ മോഷണത്തിനെത്തിയപ്പോഴാണ് മർദ്ദിച്ചതെന്ന് ആരോപണവിധേയരായ വീട്ടുകാരും പരാതി നൽകിയിട്ടുണ്ട്.
കുട്ടിയുടെ വീട്ടുകാർ നൽകിയ പരാതി ഇങ്ങനെ: എട്ടാം തീയതി രാത്രി എട്ടിന് പൊന്നാനി നാലാംകല്ലിന് സമീപത്തെ വീട്ടിൽ വച്ചാണ് സംഭവം.രാത്രി ആരാധനാലയത്തിലേക്ക് പോകും വഴി കുട്ടിയെ രണ്ടു പേർ ചേർന്ന് സൈക്കിളിൽ കയറ്റി നാലാംകല്ലിന് സമീപത്തെ വീട്ടിന്റെ പരിസരത്തെത്തിച്ച വിവസ്ത്രനാക്കാൻ ശ്രമിച്ചു. കുട്ടി ഇത് എതിർത്തപ്പോൾ വീട്ടുകാർ ശബ്ദം കേട്ട് പുറത്തെത്തുകയും രണ്ടു പേരും ഓടിരക്ഷപ്പെടുകയും ചെയ്തു. വിവസ്ത്രനായി നിന്ന കുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിനെത്തിയതാണെന്നും മോഷണം നടത്താനെത്തിയതാണെന്നും ആരോപിച്ച് വീട്ടുകാർ മർദ്ദിച്ചെന്നാണ് കുട്ടിയുടെ ബന്ധുക്കൾ പരാതി നൽകിയത്.
അതേസമയം ശബ്ദം കേട്ട് പുറത്തെത്തിയപ്പോൾ വിവസ്ത്രനായി നിൽക്കുന്ന കുട്ടിയെയും ഓടിപ്പോകുന്ന രണ്ടുപേരെയുമാണ് കണ്ടതെന്ന് ആരോപണ വിധേയരായ വീട്ടുകാർ പറയുന്നു. തുടർന്ന് പിറ്റേന്ന് തന്നെ പൊലീസിൽ പരാതി നൽകി. അതേ സമയം മർദ്ദനമേറ്റിട്ടും ദിവസങ്ങൾ പിന്നിട്ടശേഷമാണ് കുട്ടിയെ വീട്ടുകാർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചതെന്നും പിന്നീടാണ് പൊലീസിൽ പരാതി നൽകിയതെന്നും തട്ടിക്കൊണ്ടുപോയി എന്നു പറയുന്ന രണ്ടുപേരെക്കുറിച്ച് വിവരം നൽകാൻ കുട്ടി തയ്യാറാവുന്നില്ലെന്നതും ദുരൂഹത ഉണ്ടാക്കുന്നതായി നാലാംകല്ലിലെ വീട്ടുകാർ ആരോപിക്കുന്നു.
സംഭവത്തിൽ പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തു.