നിലമ്പൂർ: സ്കൂൾ തുറക്കുന്നതോടെ ബൈക്കുമായി പുറത്തിറങ്ങുന്ന കുട്ടികൾക്ക് തടയിടാനായി പ്രത്യേക പരിശോധന സംഘം രംഗത്ത്. മൂന്ന് അസി.എം.വി.ഐമാർ അടങ്ങുന്ന പ്രത്യേക സംഘമാണ് നിലമ്പൂരിൽ പരിശോധന നടത്തുന്നത്. കുട്ടികൾക്ക് വാഹനം നല്കുന്ന രക്ഷിതാക്കൾക്കെതിരെയും കേസെടുക്കും. മലപ്പുറം എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ഗോകുലിന്റെ നിർദ്ദേശ പ്രകാരമാണ് പ്രത്യേക സംഘം മേഖലയിൽ പരിശോധനയ്ക്കെത്തിയത്. പ്രധാനമായും മൈനർ ഡ്രൈവിംഗ് തടയുകയാണ് പരിശോധനയുടെ ലക്ഷ്യം. 24 മണിക്കൂറും സംഘം പരിശോധനകൾ നടത്തും. റോഡ് സുരക്ഷാ പ്രവർത്തനങ്ങൾക്കു മാത്രമായാണ് സംഘം പ്രവർത്തിക്കുക. വിദ്യാലയങ്ങൾ തുറക്കുന്നതോടെ ബൈക്കുകളുമായി നിരവധി പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥികൾ റോഡിലിറങ്ങാനും അപകടങ്ങളുണ്ടാവാനും സാദ്ധ്യതയുള്ളതിനാലാണ് ഇത്തരം നടപടിയെന്ന് ജോയിന്റ് ആർ.ടി.ഒ ഇ.മോഹൻദാസ് പറഞ്ഞു. നിലമ്പൂരിൽ തേഡ് ഐ പ്രവർത്തനം കാര്യക്ഷമമായി മുന്നേറുന്നുണ്ടെന്നും ഇത് അപകടങ്ങൾ കുറയാൻ കാരണമായെന്നും അദ്ദേഹം പറഞ്ഞു.