പൊന്നാനി: അറക്കൂ, ശ്രീകാക്കുള, വിജയനഗരം, വിശാഖപട്ടണം, അനഗപ്പള്ളി എന്നിങ്ങനെ തുടങ്ങി ദാദർ ആന്റ് നാഗർ ഹവേലി, ഡാമൻ ഡ്യു, ആന്തമാൻ നിക്കോബാർ, പുതുച്ചേരി, ലക്ഷദ്വീപ്, ചണ്ഡീഗഡ് വരെ 543 ലോക്‌സഭ മണ്ഡലങ്ങൾ നാലര മിനിറ്റ് കൊണ്ട് കാണാതെ പറഞ്ഞ് പൊന്നാനി പള്ളപ്രം സ്വദേശി കളരിക്കൽ റിജേഷിന്റെ വേറിട്ട പ്രകടനം.
ലോക്‌സഭ മണ്ഡലങ്ങളുടെ പേരുകൾ ചൊല്ലിപ്പറ ഞ്ഞുള്ള സിദ്ധി ഇത്തവണ പുറത്തെടുത്തത് നിയമസഭ സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ മുന്നിൽ. റിജേഷിന്റെ മനഃപാഠ സിദ്ധി ശ്രദ്ധയിൽപ്പെട്ട സ്പീക്കർ പി ശ്രീരാമ കൃഷ്ണൻ തിരുവനന്തപുരത്തെ സ്പീക്കറുടെ ഓഫീസിലേക്ക് ക്ഷണിക്കുകയായിരുന്നു.
നേരത്തെ മോഹൻ ലാൽ അഭിനയിച്ച 331 സിനിമകളും റിലീസ് ചെയ്ത വർഷവും മൂന്ന് മിനുട്ടു കൊണ്ട് മോഹൻലാലിന് മുന്നിൽ ചൊല്ലിപ്പറഞ്ഞ് റിജേഷ് ശ്രദ്ധ നേടിയിരുന്നു.ഇതിന്റെ വീഡിയോ സോഷ്യൽമീഡിയയിലും വൈറലായിരുന്നു.
ആന്ധ്ര പ്രദേശ്, ആസാം, ബീഹാർ എന്നിങ്ങനെ സംസ്ഥാനങ്ങൾ അക്ഷരമാല ക്രമത്തിൽ തുടങ്ങി കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ലോക്‌സഭ മണ്ഡലങ്ങൾ വരെ ഇടതടവില്ലാതെ പറഞ്ഞു തീർത്തപ്പോൾ സ്പീക്കർക്കും കൂടെ ഉണ്ടായിരുന്നവർക്കും അത്ഭുതം മറച്ചുവയ്ക്കാനായില്ല. റിജേഷിന് സ്പീക്കർ പുരസ്‌ക്കാരവും സമ്മാനമായി നൽകി.ഇന്നേവരെ കേട്ടിട്ടില്ലാത്തതും നാവിന് വഴങ്ങാത്തതുമായ ലോക്‌സഭ മണ്ഡലങ്ങളുടെ പേരുകൾ നിഷ്‌പ്രയാസം അതിവേഗതയിലാണ് റിജേഷ് ചൊല്ലി തീർത്തത്.
കേരളത്തിലെ 140 നിയമസഭ മണ്ഡലങ്ങൾ അക്ഷരമാല ക്രമത്തിൽ രണ്ട് മിനിറ്റ് കൊണ്ട് റിജേഷ് പറഞ്ഞു തീർക്കും.മണ്ഡലങ്ങൾക്കൊപ്പം എം.എൽ .എമാരുടെ പേരും ഇപ്പോൾ ഒറ്റ ശാസ്വത്തിൽ പറയും. മൂന്ന് മിനിട്ട് സമയമാണ് ഇതിനു വേണ്ടത്.
ഫുട്ബാൾ ലോകകപ്പ് നേടിയ രാജ്യങ്ങളും വർഷവും ക്രമം തെറ്റാതെ പറയാനും റിജേഷിനാകും. ഇത്തരത്തിൽ വലിയ പട്ടികയായി നീളുന്ന കാര്യങ്ങൾ മന:പ്പാഠമാക്കി അവതരിപ്പിക്കുവാനുള്ള വിവിധ വിഷയങ്ങൾ റിജേഷിന്റെ മനസ്സിലുണ്ട്. 2010 ലെ നിയമസഭ തിരഞ്ഞെടുപ്പു മുതലാണ് റിജേഷ് മനഃപാഠ പ്രകടനം പുറത്തെടുത്തത്.നിയമസഭ മണ്ഡലങ്ങൾ കാണാതെ പഠിച്ച് അതിവേഗത്തിൽ ചൊല്ലിപ്പറഞ്ഞായിരുന്നു തുടക്കം.