മലപ്പുറം: വസ്തുതകൾ മറച്ചു വച്ച് അനർഹമായി മുൻഗണന വിഭാഗത്തിൽ കടന്നു കൂടിയ റേഷൻ കാർഡ് ഉടമകളെ കണ്ടെത്താനായുള്ള പരിശോധന കൂടുതൽ ശക്തമാക്കി. ജില്ലയിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടത്തിയ പരിശോധനയിൽ അനർഹമായി മുൻഗണന വിഭാഗത്തിൽ ഉൾപ്പെട്ട 118 കാർഡുകൾ കണ്ടെത്തി പൊതുവിഭാഗത്തിലക്ക് മാറ്റി. താലൂക്ക് സപ്ലൈ ഓഫീസർമാരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. അനർഹരെന്ന് കണ്ടെത്തിയവരിൽ ഭൂരിഭാഗവും 1000 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണ്ണമുള്ള വീടുകളും നാലുചക്ര വാഹനങ്ങളും ഉള്ളവരാണ്. കൂടാതെ സർക്കാർ ജോലിയുള്ളവരും സർവ്വീസ് പെൻഷൻകാരും അനധികൃതമായി മുൻഗണന കാർഡ് കൈവശം വച്ചതായി പരിശോധനയിൽ കണ്ടെത്തി. അന്തിമ മുൻഗണന പട്ടികയിൽ ഉൾപ്പെട്ട അനർഹർക്ക് ലഭിച്ച കാർഡുകൾ സ്വമേധയാ പൊതു വിഭാഗത്തിലേക്ക് മാറ്റേണ്ടതാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. വസ്തുതകൾ മനഃപൂർവ്വം മറച്ചുവച്ച് ബോധപൂർവ്വം ആനുകൂല്യങ്ങൾ തട്ടിയെടുക്കുന്നുവെന്ന് ബോദ്ധ്യപ്പെടുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കും. ഇവരിൽ നിന്നും അനർഹമായി ഉൾപ്പെട്ട കാലയളവിൽ കൈപ്പറ്റിയ റേഷൻ വിഹിതത്തിന്റെ കമ്പോളവില ഈടാക്കും. പൊതുവിതരണ രംഗത്തെ സംശയങ്ങൾ ,പരാതികൾ എന്നിവ പരിഹരിക്കുന്നതിന് 1967 എന്ന ടോൾ ഫ്രീ നമ്പറിൽ എല്ലാ പ്രവൃത്തിദിവസങ്ങളിലും രാവിലെ പത്തു മുതൽ വൈകിട്ട് അഞ്ച് വരെ വിളിക്കാം.