പൊന്നാനി: ഏറ്റവും കുറഞ്ഞ ചുറ്റളവിൽ ഏറ്റവും കൂടുതൽ പള്ളികളുള്ള പ്രദേശമേതെന്ന ചോദ്യത്തിനുള്ള ഉത്തരം ഒരു പക്ഷേ, പൊന്നാനിയെന്നാവാം.മലബാറിന്റെ മക്കയെന്ന ഖ്യാതിയുള്ള പൊന്നാനി പള്ളികളുടെ നഗരം കൂടിയായി മാറുന്നത് മുസ്ലിം പള്ളികളുടെ എണ്ണത്തിന്റെ ബാഹുല്ല്യം കൊണ്ടാണ്. പൊന്നാനി നഗരസഭ പരിധിയിൽ 87 മുസ്ലിം പള്ളികളുണ്ടെന്നാണ് കണക്ക്.
കനോലി കനാലിന് പടിഞ്ഞാറ് ഭാഗത്തെ ഒരു കിലോമീറ്റർ പരിധിയിൽ 19 ജുമാ മസ്ജിദുകൾ ഉൾപ്പെടെ വഖഫ് ചെയ്ത 50 പള്ളികളാണുള്ളത്.
ലോകപ്രശസ്ത ചരിത്രകാരൻ സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ സ്ഥാപിച്ച വലിയ ജുമാമസ്ജിദ് ഇക്കൂട്ടത്തിൽ പെടും. ആയിരം വർഷത്തിലേറെ പഴക്കമുള്ള തോട്ടുങ്ങൽ പള്ളിയാണ് പൊന്നാനിയിലെ പള്ളികളിൽ ആദ്യത്തേത്.
87 പള്ളികളിൽ 43 എണ്ണം വെള്ളിയാഴ്ച്ച ജുമുഅ നമസ്ക്കാരം നടക്കുന്ന ജുമാ മസ്ജിദുകളും 44 എണ്ണം നമസ്ക്കാര പള്ളികളുമാണ്. പൊന്നാനി കോടതിപ്പടി മുതൽ താലൂക്ക് ആശുപത്രി വരെയുള്ള അര കിലോമീറ്റർ പരിധിയിൽ 18 പള്ളികളാണുള്ളത്. ഇതിൽ ഒമ്പത് എണ്ണം ജുമാ മസ്ജിദുകളാണ്. കോടതിപ്പടിയിൽ മാത്രം അഞ്ച് പള്ളികളുണ്ട്. ഹൈദ്രോസി പള്ളി, അൻസാർ പള്ളി എന്നിവ മുഖാമുഖം നിൽക്കുന്നു. കണ്ണെത്തും ദൂരത്താണ് മറ്റുള്ളവ.
പൊന്നാനി വലിയ ജുമാഅത്ത് പള്ളി, സിയാറത്ത് പള്ളി, തോട്ടുങ്ങൽ പള്ളി, മിസ്രി പളളി, മഖ്ദൂമിയ അകത്തെ പള്ളി, തെരുവത്ത് പള്ളി, തെക്കേ പള്ളി എന്നിവ അഞ്ഞൂറ് വർഷത്തിലേറെ പഴക്കമുള്ളവയാണ്. പുരാതന വാസ്തുശിൽപ്പ രീതിയിൽ മരം കൂടുതലായി ഉപയോഗിച്ച് നിർമ്മിച്ചവയാണ് ഈ പള്ളികൾ. ഇതിൽ മിസ്രി പള്ളി ഈജിപ്തിൽ നിന്നെത്തിയ സൈന്യം നിർമ്മിച്ചതാണെന്ന് ചരിത്ര രേഖകൾ സാക്ഷ്യപ്പെടുത്തുന്നു. പോർച്ചുഗീസുകാരെ നേരിടാൻ സാമൂതിരിയെ സഹായിക്കാനെത്തിയ ഈജിപ്തിൽ നിന്നുള്ള പടയാളികൾ ക്യാമ്പ് ചെയ്തിടത്ത് നിർമ്മിച്ചതാണ് മിസ്രി പള്ളിയെന്നാണ് ചരിത്ര രേഖകളിലുള്ളത്. ഇറാഖിലെ പ്രമുഖ പണ്ഡിതൻ മൊഹ്യുദ്ധീൻ അബ്ദുൽ ഖാദർ ജീലാനിയുടെ വംശപരമ്പരയിൽ പെട്ടവരാണ് 600 വർഷം മുൻപ് സിയാറത്ത് പള്ളി നിർമ്മിച്ചതെന്നാണ് കരുതപ്പെടുന്നത്.
സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ നിർമ്മിച്ച പൊന്നാനി വലിയപള്ളി മലബാറിലെ മുസ്ലിം ചരിത്രവുമായി ചേർന്നു നിൽക്കുന്നതാണ്.
മത വൈജ്ഞാനിക രംഗത്ത് പൊന്നാനിയെ ലോകത്തോളം ഉയർത്തിയത് വലിയ പള്ളിയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ വിജ്ഞാനം നേടാൻ പൊന്നാനി പള്ളിയിലെത്തിയിരുന്നു. വിളക്കത്തിരിക്കൽ എന്നാണ് വലിയപള്ളി കേന്ദ്രീകരിച്ചുള്ള പഠനം അറിയപ്പെട്ടിരുന്നത്.