തിരൂരങ്ങാടി : മുന്നിയൂർ കോഴിക്കളിയാട്ടത്തിന് മുന്നോടിയായി പതിവുപോലെതെരുവുകച്ചവടക്കാർ സജീവമായി. തലപ്പാറ മുതൽ മുട്ടിച്ചിറ വരെ റോഡരികിൽ വിവിത ഇനം വിത്തുകൾ, ചെടികൾ, അലങ്കാര ച്ചെടികൾ, പക്ഷികൾ, മീൻ പിടിക്കാൻ ഉപയോഗിക്കുന്ന വിവിധ തരം വലകൾ, വിദേശ ഇനം പഴവർഗ്ഗങ്ങളുടെ തൈകൾ, തെങ്ങിൻ തൈകൾ, കവുങ്ങിൻ തൈകൾ, മാവിൻതൈകൾ. വിവിധ ഇനം പാത്രങ്ങൾ എന്നിവയുമായി വഴിയോര കച്ചവടക്കാർ നിരന്നുകഴിഞ്ഞു. ചെടികളും മൺപാത്രങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് മുട്ടിച്ചിറ. കാർഷിക ഉത്പന്നങ്ങളുടെ വിപുലമായ ചന്തയാണ് കളിയാട്ടച്ചന്തയുടെ ആകർഷണീയത. മലബാറിലെ ഉത്സവങ്ങളുടെ സമാപ്തിയും അന്ന് തന്നെ.
പാലക്കാട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ് വഴിയോരക്കച്ചവടക്കാരിലേറെയും. മീൻപിടിക്കാനുള്ള വലകളും മൺപാത്രങ്ങളുമാണ് ഇവർ കൂടുതലായും വിൽപ്പനയ്ക്കെത്തിക്കുന്നത്. പൊയ്ക്കുതിര സംഘങ്ങൾക്ക് സുഗമമായി കടന്നു വരാനുള്ള സൗകര്യത്തിനായി മുട്ടിച്ചിറ മുതൽ ക്ഷേത്രം വരെയുള്ള മൂന്നര കിലോമീറ്ററോളം റോഡരികിൽ കച്ചവടം നിരോധിച്ചിട്ടുണ്ട്. കളിയാട്ട ദിവസം എല്ലാവർഷവും വൻ തിരക്കാവും ചന്തയിൽ അനുഭവപ്പെടുക. ഈ വർഷം നോമ്പും കളിയാട്ടവും ഒരേ മാസത്തിലായതിനാൽ കാർഷിക ചന്തയ്ക്ക് തിരക്ക് കുറയുമെന്നാണ് കച്ചവടക്കാരുടെ കണക്കുകൂട്ടൽ, ഇത്തവണത്തെ കളിയാട്ട ഉത്സവത്തിന് തിങ്കളാഴ്ച വൈകിട്ട് കാപ്പൊലിക്കും. 31 നാണ് കോഴിക്കളിയാട്ടം.