തിരൂരങ്ങാടി: ചെമ്മാട് ടൗണിൽ ഗതാഗത കുരുക്ക് രൂക്ഷമായതിനാൽ വകുപ്പ് തല അധികാരികൾക്ക് മുന്നിൽ പുതിയ നിർദ്ദേശം സമർപ്പിച്ചതായി തിരൂരങ്ങാടി എസ്.എച്ച്. ഒ കെ. മുഹമ്മദ് റഫീഖ് കേരളകൗമുദിയോട് പറഞ്ഞു.
ഗതാഗത കുരുക്കിനെ കുറിച്ച്15ന് കേരളാകൗമുദിയിൽ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം മുതൽ രണ്ട് ഹോം ഗാർഡിനെയും. ഒരു പൊലീസ് ഓഫീസറെയും ചെമ്മാട് ടൗണിൽ ഗതാഗതം നിയന്ത്രിക്കാനായി നിയോഗിച്ചിട്ടുണ്ട്.
പൊലീസ് സമർപ്പിച്ച പുതിയ നിർദ്ദേശമിങ്ങനെ-തിരുരങ്ങാടിയിൽ നിന്ന് ബൈപ്പാസ് വഴി ചെമ്മാട് ഭാഗത്തേക്ക് കടന്നു വരുന്ന വാഹനങ്ങൾ മിനി സിവിൽ സ്റ്റേഷൻ റോഡ് വഴി വില്ലേജിന്റെ മുൻവശത്ത് നിറുത്തി ചെമ്മാട്ടേക്കുള്ള ആളുകളെ ഇറക്കുകയും കോഴിക്കോട് ഭാഗത്തേക്കുള്ള ബസ് കോഴിക്കോട് റോഡിൽ നിറുത്തി ആളുകളെ കയറ്റുകയും പരപ്പനങ്ങാടി ഭാഗത്തേക്കുള്ളവ പരപ്പനങ്ങാടിറോഡിൽ നിറുത്തി ആളുകളെ കയറ്റുകയും ചെയ്യണം. താലൂക്ക് ആശുപത്രി റോഡ് ജംഗ്ഷനോട് ചേർന്ന് പരപ്പനങ്ങാടി, കോഴിക്കോട് ഭാഗത്തേക്കുള്ള ബസുകൾനിറുത്തുന്നത് പൂർണ്ണമായും ഒഴിവാക്കും.
വൺവേകളിലും വാഹനങ്ങൾ നിയമം തെറ്റിച്ച് കടന്നു പോകുന്ന സ്ഥലങ്ങളിൽ സി.സി.ടി.വി സ്ഥാപിക്കുക. വൺവേ തെറ്റിക്കുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുക. ചെമ്മാട് ടൗണിൽ ഡിവൈഡർ സംവിധാനം പൂർണ്ണമായും നടപ്പിലാക്കുക. ചെമ്മാട് ടൗണിലെ ആശുപത്രി റോഡിന് എതിർവശത്തായുള്ള ഓട്ടോ പാർക്കിംഗിന്റെ എണ്ണം ക്രമീകരിക്കുക, നഗരസഭ ഓഫീസ് മുതൽ പരപ്പനങ്ങാടി റോഡ് വരെയുള്ള ഭാഗങ്ങളിൽ ഇരുവശത്തും നിറുത്തുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുക, തിരൂർ ഭാഗത്തേക്ക് കടന്നു പോകുന്ന ബസുകൾ ആശുപത്രി റോഡിലൂടെ കടത്തിവിടുക തുടങ്ങിയ നിർദ്ദേശങ്ങളും മുന്നോട്ടുവച്ചിട്ടുണ്ട്.