തേഞ്ഞിപ്പലം: അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന പീടികക്കെട്ടിടത്തിൽ ഭക്ഷണം പാകം ചെയ്യുന്നതിനിടെ ,സ്റ്റൗവിൽ നിന്ന് തീപടർന്ന് അഗ്നിബാധ.യൂണിവേഴ്സിറ്റിക്കടുത്ത ഒലിപ്രം പതിനാലാം മൈലിലെ കെട്ടിടത്തിന്റെ മുകൾനിലയിൽ തൊഴിലാളികൾ താമസിക്കുന്ന മുറിക്കുള്ളിൽ നിന്നാണ് തീ പടർന്നത്. ഭക്ഷണം പാചകം ചെയ്യാനായി വച്ച ശേഷം റൂമിലുണ്ടായിരുന്ന അന്യസംസ്ഥാന തൊഴിലാളികൾ പുറത്തേക്ക് പോയ സമയത്താണ് റൂമിൽ നിന്നും പുക ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.അപ്പോഴേക്കും റൂമിനുള്ളിൽ പൂർണ്ണമായും തീ പടർന്നിരുന്നു. റൂം മുഴുവനായും കത്തിനശിച്ചു. ജനൽ ചില്ലുകൾ പൊട്ടിത്തെറിച്ചു.ചുവരുകൾ വിണ്ട് കീറി. ഫാൻ, വസ്ത്രങ്ങൾ ,പണമടങ്ങിയ പേഴ്സുകൾ ,മൊബൈൽ, വാച്ച്, ഫൈബർ പാത്രങ്ങൾ തുടങ്ങിയവയും കത്തിനശിച്ചു. റൂമിന്റെ ഫൈബർ സീലിംഗും കത്തിച്ചാമ്പലായി.കത്തി നശിച്ച പണത്തിന്റെ കണക്ക് വ്യക്തമായിട്ടില്ല.നാട്ടുകാരുടെ നേതൃത്വത്തിൽ വൈദ്യുതി ബന്ധം ഓഫാക്കുകയും വെള്ളം പമ്പ് ചെയ്ത് തീ അണയ്ക്കുകയും ചെയ്തതിനാൽ കെട്ടിടത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടരാതെ നോക്കാനായി.