നിലമ്പൂർ: അനധികൃതമായി കളിമണ്ണ് കടത്തുകയായിരുന്ന രണ്ട് ടോറസ് വാഹനങ്ങൾ റവന്യൂ അധികൃതർ പിടികൂടി. ചുങ്കത്തറ വരക്കോട് ഞായറാഴ്ച പുലർച്ചെ നടത്തിയ പരിശോധനയിലാണ് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തത്. രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. നേരത്തെ കരുളായി വില്ലേജിലെ മൈലംപാറയിൽ നിന്നും മണ്ണ് നീക്കം ചെയ്യാനുള്ള ജിയോളജി വകുപ്പിന്റെ പാസ് മാത്രമാണ് ഇവരുടെ പക്കലുണ്ടായിരുന്നതെന്ന് റവന്യൂ അധികൃതർ പറഞ്ഞു. മൈലംപാറയിൽ പുഴയോടു ചേർന്ന പ്രദേശത്ത് ഖനനം നടത്തുന്നത് നാട്ടുകാർ തടഞ്ഞിരുന്നു. തുടർന്ന് റവന്യൂ അധികൃതരെത്തി മണ്ണെടുക്കൽ നിറുത്തി വയ്പ്പിക്കുകയും ചെയ്തു. ഈ പാസുപയോഗിച്ചാണ് ഇപ്പോൾ വാഹനങ്ങൾ ചുങ്കത്തറ ഭാഗത്തുനിന്നും മണ്ണ് കടത്തിയത്. പരിശോധനയിൽ ഇത് ബോദ്ധ്യമായതോടെ വാഹനങ്ങൾ എടക്കര പൊലീസിന്റെ സഹായത്തോടെ കസ്റ്റഡിയിലെടുത്ത് വെളിയംതോട്ടെ റവന്യൂ വകുപ്പിന്റെ സ്ഥലത്തേക്ക് മാറ്റി.
ഇതു സംബന്ധിച്ച റിപ്പോർട്ട് ഉടൻ സബ് കളക്ടർക്ക് കൈമാറുമെന്നും തുടർനടപടികളുണ്ടാവുമെന്നും അധികൃതർ പറഞ്ഞു. നിലമ്പൂർ ഡപ്യൂട്ടി തഹസിൽദാർമാരായ ചന്ദ്രമോഹൻ, വിജയകുമാർ, വില്ലേജ് ഓഫീസർമാരായ സുനിൽകുമാർ,രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനകൾ നടത്തി വാഹനങ്ങൾ പിടിച്ചെടുത്തത്.