പൊന്നാനി: ആധുനികതയുടെ കുത്തൊഴുക്കിലും പഴയകാല പ്രൗഢിയായി പൊന്നാനി വലിയ ജുമാ അത്ത് പള്ളിയിലെ വിളക്കുകൾ കെടാതെ പ്രകാശം പരത്തുന്നു.
കേരളക്കരയിൽ വൈദ്യുതിയെത്തുന്നതിന് കാലങ്ങൾക്ക് മുമ്പ് തന്നെ റംസാൻ മാസങ്ങളിൽ പൊന്നാനി വലിയ ജുമാ അത്ത് പള്ളിയും അങ്കണവും ദീപാലങ്കാരം കൊണ്ട് പ്രകാശപൂരിതമായിരുന്നു. എണ്ണ നിറച്ച വിളക്കുകളായിരുന്നു പ്രകാശം പരത്തിയിരുന്നത്. സ്ഫടിക ആവരണം കൊണ്ടുള്ള വിളക്കുകളായിരുന്നു അവ. ളാമ്പ് എന്നാണ് ഇവയ്ക്ക് പേര്. വിളക്കുകൾക്ക് ഇംഗ്ലീഷിൽ പറയുന്ന ലാമ്പ് എന്ന പദത്തിൽ നിന്നുത്ഭവിച്ചതാകാം ഈ വാക്ക്.
ഇത്തരത്തിലുള്ള 200ഓളം വിളക്കുകൾ വലിയ ജുമാ അത്ത് പള്ളിയിലെ അകത്തെ പള്ളിയിലും പുറത്തെ പള്ളിയിലുമുണ്ടായിരുന്നു. ഓരോ വിളക്കിലും മുക്കാൽ ഭാഗം വെള്ളവും കാൽ ഭാഗം വെളിച്ചെണ്ണയും നിറച്ചുവയ്ക്കും.ഗ്ലാസിന്റെ വക്കിൽ കത്തുന്ന തിരി ഘടിപ്പിക്കുന്ന സംവിധാനവുമുണ്ട്. പള്ളിയിലെ ഇരുപതടിയിലേറെ ഉയരമുള്ള തട്ടിൽ തൂക്കിയിട്ടിരിക്കുന്ന ഈ വിളക്കുകൾ കത്തിക്കുന്നതും കെടുത്തുന്നതും കാണാൻ നിരവധി പേരാണ് എത്തിയിരുന്നത്. വിളക്ക് കൊളുത്തിയാൽ അര മണിക്കൂർ കൊണ്ട് പളളിയുടെ അകം പ്രകാശപൂരിതമാകും.
ഈ വിളക്കുകൾക്കിടയിൽ സ്ഫടിക ഗ്ലോബ് ചങ്ങലയിൽ ഘടിപ്പിച്ചുള്ള വർണ്ണ വിളക്കുകളുമുണ്ട്. ചങ്ങല താഴേക്കു വലിച്ചാൽ ഗ്ലോബ് മുകളിലേക്ക് ഉയരും. രാത്രി പത്ത് മണി കഴിഞ്ഞാൽ വിളക്കുകൾ കെടുത്തും.അഗ്രം തിരിയുടെ ഭാഗത്തേക്ക് വളഞ്ഞ നീണ്ട കുഴൽ കൊണ്ട് ശക്തിയായി ഊതുന്നതോടെ ജ്വാല അണയും. എല്ലാ ളാമ്പുകളും കത്തി തീർന്നാലും പള്ളിയുടെ മദ്ധ്യത്തിലുള്ള വലിയ വിളക്ക് എരിഞ്ഞു കൊണ്ടേയിരിക്കും.
പണ്ടുകാലങ്ങളിൽ റംസാൻ മാസത്തിൽ എല്ലാ ദിവസവും പ്രകാശം പൊഴിച്ചിരുന്ന ളാമ്പുകൾ ഇപ്പോൾ റംസാൻ മാസത്തിലെ പതിനാറാം രാവിലും 26ാം രാവിലും മാത്രമാണ് കത്തിക്കുന്നത് . കൂടാതെ പ്രത്യേക ദിവസമായ ആണ്ടുനേർച്ചയോടനുബന്ധിച്ച് ശഅബാൻ 16നും റബീഉൽ അവ്വൽ 12നും രണ്ട് പെരുന്നാൾ രാവുകളിലും ളാമ്പുകൾ പ്രകാശിപ്പിക്കും.
ളാമ്പുകൾക്ക് പുറമെ പുറത്തെ പളളിയിലെ നിലവിളക്ക് മുറതെറ്റാതെ വെളിച്ചം പരത്തുന്നതാണ്. വർഷത്തിലെ മുഴുവൻ ദിവസവും അകത്തെ പള്ളിയുടെ നടുവിലെ വിളക്കും പുറത്തെ പള്ളിയിലെ നിലവിളക്കും കത്തിക്കും.
സന്ധ്യയോടെ കത്തിക്കുന്ന ഈ വിളക്കുകൾ പുലർകാല നമസ്ക്കാര സമയത്താണ് അണയ്ക്കുക.
പതിറ്റാണ്ടുകളായി തുടരുന്ന രീതിയാണിത്. വലിയ പള്ളിയിലെ വിളക്കിന് ചുറ്റുമിരുന്നാണ് പഴയ കാലത്ത് മതപഠനം നടന്നിരുന്നത്. വിളക്കത്തിരിക്കൽ എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്.