മലപ്പുറം: കടുത്ത വരൾച്ചയിൽ ഉത്പാദനം കുറഞ്ഞതിനൊപ്പം തേങ്ങയുടെ വിലയിടിയുന്നത് ജില്ലയിലെ കേര കർഷകർക്ക് തിരിച്ചടിയാവുന്നു. 35 രൂപ വരെ കിലോയ്ക്ക് കിട്ടിയിരുന്ന പച്ചത്തേങ്ങയ്ക്ക് 25 രൂപയാണിപ്പോൾ ലഭിക്കുന്നത്. ചിലയിടങ്ങളിൽ കിലോയ്ക്ക് പത്ത് രൂപയിലധികം കുറഞ്ഞിട്ടുണ്ട്. തമിഴ്നാട്ടിൽ വിളവെടുപ്പ് കാലമായതും ഉത്പാദനം വർദ്ധിച്ചതുമാണ് വിലയിടിവിന് കാരണം. അതേസമയം മൊത്തവിതരണ കേന്ദ്രങ്ങളിൽ നിന്ന് ചില്ലറ വിൽപ്പനയിലേക്ക് എത്തുമ്പോൾ വിലക്കുറവ് അത്രമാത്രം പ്രകടമല്ല. കർഷകരിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് തേങ്ങ സംഭരിക്കുന്ന മൊത്തവിതരണക്കാരും ഇടനില കച്ചവടക്കാരുമാണ് ലാഭമുണ്ടാക്കുന്നത്.
തെങ്ങൊന്നിന് 50 രൂപ കൂലി നൽകി തേങ്ങയിട്ടാൽ ലാഭമില്ലാത്ത അവസ്ഥയിലാണ് കർഷകർ. തെങ്ങ് കയറ്റ തൊഴിലാളികളുടെ കുറവ് മൂലം ചോദിക്കുന്ന തുക നൽകേണ്ട അവസ്ഥയുണ്ട്. നാളികേര സംഭരണത്തിൽ നിന്ന് കേരഫെഡ് പിൻവാങ്ങിയതും തിരിച്ചടിയായി. ന്യായവില ഉറപ്പാക്കാൻ കേരഫെഡ് സംഭരണത്തിലൂടെ സാധിച്ചിരുന്നു.
ഉത്പാദനച്ചെലവ് കൂടുതലും വരുമാനം കുറവുമായതോടെ പലരും നാളികേര കൃഷിയിൽ നിന്ന് പിൻവാങ്ങിയിരുന്നു. അടുത്തിടെ സ്ഥിരമായി ന്യായവില ഉറപ്പാക്കാൻ കഴിഞ്ഞതോടെ പരിചരണമില്ലാതെ കിടന്നിരുന്ന തോട്ടങ്ങളെ കർഷകർ വീണ്ടും പരിചരിച്ച് തുടങ്ങി.നിലവിലെ വിലയിടിവ് ചെറുക്കാൻ ഫലപ്രദമായ നടപടികളെടുത്തിട്ടില്ലെങ്കിൽ ജില്ലയുടെ കേര മേഖലയ്ക്ക് തിരിച്ചടിയാവും.
കൃഷിക്ക് പ്രതികൂലം
കഴിഞ്ഞ 11 വർഷത്തിനിടെ ജില്ലയിൽ 9,500 ഓളം ഹെക്ടറിലെ നാളികേര കൃഷിയാണ് ഇല്ലാതായത്.
വിലയിടിവ് ഏറ്റവും രൂക്ഷമായ 2007- 2008 കാലയളവിൽ മാത്രം 6,449 ഹെക്ടറിലെ നാളികേര കൃഷിയാണ് കർഷകർ ഉപേക്ഷിച്ചത്.
തെങ്ങ് കൃഷിയെ പ്രോത്സാഹിപ്പിക്കാനെടുത്ത നടപടികളും ഇടക്കാലത്ത് തേങ്ങാ വിലയിലുണ്ടായ വർദ്ധനവും മൂലം 2012ൽ 3,000 ഏക്കറോളം സ്ഥലത്ത് തെങ്ങ് കൃഷി വ്യാപിപ്പിക്കാനായെങ്കിലും ഇതു പിടിച്ചു നിറുത്താനായില്ല.
ജില്ലയിൽ നിലവിൽ ഒരുലക്ഷം ഹെക്ടറിലാണ് തെങ്ങ് കൃഷിയുളളത്.
മണ്ഡരി ബാധിച്ച തെങ്ങുകൾക്ക് പകരം അത്യുത്പാദന ശേഷിയുള്ള തെങ്ങുകൾ കൃഷി ചെയ്യുന്നത് വർദ്ധിച്ചതോടെ ഏതാനം വർഷങ്ങളായി ജില്ലയിൽ നാളികേര ഉത്പാദനം വർദ്ധിക്കുന്നുണ്ട്.
നിലവിലെ വിലയിടിവ് പരിഹരിക്കാൻ കേരഫെഡിന്റെ സംഭരണം പുനഃസ്ഥാപിക്കണമെന്നാണ് കർഷകരുടെ ആവശ്യം.