മലപ്പുറം: ഏറെനാളത്തെ കാത്തിരിപ്പിന് ശേഷം സ്വതന്ത്ര ട്രെയിനായി മാറിയ രാജ്യറാണി കൊച്ചുവേളിയിൽ സർവീസ് അവസാനിപ്പിക്കുന്നത് യാത്രക്കാർക്ക് കടുത്ത ദുരിതമാകുന്നു. രാത്രി 8.50ന് നിലമ്പൂരിൽ നിന്ന് പുറപ്പെട്ട് രാവിലെ ആറിന് കൊച്ചുവേളിയിലെത്തിയാൽ ഇവിടെ നിന്ന് തിരുവനന്തപുരം നഗരത്തിലേക്ക് പോവാൻ ബസ് പോലുമില്ലാത്ത അവസ്ഥയാണ്. രാവിലെ ഏഴിന് ശേഷമേ ബസുള്ളൂ. ഇതിന് മുമ്പ് യാത്ര ചെയ്യേണ്ടവർ ഓട്ടോ വിളിച്ച് പോവേണ്ടി വരും. 200 രൂപയിലധികമാണ് ഓട്ടോക്കാർ ആവശ്യപ്പെടുന്നത്. ആർ.സി.സിയിലേക്കുള്ള രോഗികളുടെ പ്രധാന ആശ്രയമായ ട്രെയിനാണിത്. രോഗത്തിന്റെ അവശതകൾക്കിടയിലും ഏറെ ദൂരം താണ്ടിയെത്തുന്ന രോഗികളെ കാത്തിരിക്കുന്നതും കൊച്ചുവേളി സ്റ്റേഷനിലെ അസൗകര്യങ്ങളാണ്. പലപ്പോഴും ഓട്ടോക്കാർ ആവശ്യപ്പെടുന്ന തുക നൽകി യാത്ര ചെയ്യാൻ രോഗികളും കൂടെ വരുന്നവരും നിർബന്ധിതരാകുന്നുണ്ട്. ഇതിന് കഴിയാത്ത നിർധന രോഗികൾക്ക് ബസും കാത്ത് പെരുവഴിയിൽ നിൽക്കേണ്ടിവരും.
കൊച്ചുവേളിയിൽ നിന്ന് തിരുവനന്തപുരം നഗരത്തിലേക്ക് 15 കിലോമീറ്ററുണ്ട്. വിവിധ ആവശ്യങ്ങൾക്കായി തിരുവനന്തപുരത്തേക്ക് എത്തുന്നവർക്കും രാജ്യറാണിയുടെ സ്റ്റേഷൻ മാറ്റം ദുരിതമായി. നേരത്തെ അമൃതയ്ക്കൊപ്പമായിരുന്നപ്പോൾ എട്ട് കോച്ചുകളാണ് ഉണ്ടായിരുന്നതെങ്കിൽ സ്വതന്ത്ര ട്രെയിനായതോടെ 13 കോച്ചുകളാണുള്ളത്. 17കോച്ചുകളാണ് അനുവദിച്ചിരുന്നതെങ്കിലും പ്ലാറ്റ് ഫോമുകളുടെ നീളക്കുറവ് ചൂണ്ടിക്കാട്ടി 13 ആക്കി ചുരുക്കി.
നേട്ടമായില്ല
ഫലത്തിൽ സ്വതന്ത്ര ട്രെയിനായെങ്കിലും യാത്രക്കാർക്ക് വലിയ നേട്ടമുണ്ടായിട്ടില്ല.
തിരുവനന്തപുരം സെൻട്രലിൽ ട്രെയിൻ നിറുത്തിയിടാൻ സ്ഥലമില്ലെന്ന് തിരുവനന്തപുരം ഡിവിഷൻ നിലപാടെടുത്തതോടെയാണ് കൊച്ചുവേളിയിൽ സർവീസ് ചുരുക്കിയത്. ഇത് യാത്രക്കാരുടെ സൗകര്യത്തെ ബാധിച്ചു
ട്രെയിൻ സർവീസ് രണ്ടാഴ്ച്ച പിന്നിടുമ്പോൾ തന്നെ യാത്രക്കാർക്ക് കടുത്ത ദുരിതമായിട്ടുണ്ട്.
സർവീസ് നാഗർകോവിലിലേക്ക് നീട്ടണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ഇങ്ങനെയെങ്കിൽ തിരുവനന്തപുരം സെൻട്രലിൽ നിന്ന് തന്നെ യാത്ര ചെയ്യാനാവും.