മലപ്പുറം: വിദ്യാർത്ഥികളുടെ യാത്ര സുഗമവും സുരക്ഷിതവുമാക്കാൻ മോട്ടോർ വാഹന വകുപ്പ് നടപടികൾ തുടങ്ങി. ഇതു സംബന്ധിച്ച് സ്കൂളുകൾക്ക് കത്ത് നൽകിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ യാത്രാ വിഷയവുമായി ബന്ധപ്പെട്ട് ഓരോ വിദ്യാലയങ്ങളിലും അദ്ധ്യാപക രക്ഷാകർതൃ പ്രതിനിധികളടങ്ങിയ കമ്മിറ്റി രൂപീകരിക്കുകയും ഒരു അദ്ധ്യാപകനെ നോഡൽ ഓഫീസറായി ചുമതലപ്പെടുത്തുകയും വേണമെന്ന് നിർദ്ദേശമുണ്ട്. ഓരോ കുട്ടിയുടെയും യാത്രാ സംവിധാനം ഏതെല്ലാമാണെന്ന് തരംതിരിച്ച് ഓരോ സംവിധാനത്തിലും യാത്ര ചെയ്യുന്ന കുട്ടികളുടെ പേര്, ക്ലാസ്, രക്ഷിതാവിന്റെ പേര്, ബന്ധപ്പെടേണ്ട ഫോൺനമ്പർ എന്നിവ ശേഖരിച്ച് പ്രത്യേകം രജിസ്റ്റർ തയ്യാറാക്കണം. വാഹനത്തെ സംബന്ധിച്ച് വിവരങ്ങൾ സ്കൂൾ പ്രധാന അദ്ധ്യാപകൻ, ഗതാഗത ചുമതലയുള്ള നോഡൽ ഓഫീസർ, പി.ടി.എ പ്രതിനിധി എന്നിവർ ഒപ്പിട്ട 14 നിർദ്ദേശം അടങ്ങിയ സത്യവാംഗ്മൂലം ജൂൺ 15 നകം അതത് ആർ.ടി, സബ്ആർ.ടി. ഓഫീസുകളിൽ നൽകണം.
പ്രധാന നിർദ്ദേശങ്ങൾ
• ഏതെങ്കിലും വിധത്തിലുള്ള ബാലാവകാശലംഘനങ്ങൾ കുട്ടികളുടെ യാത്രാവേളകളിൽ ഉണ്ടായാൽ വിവരം കാലതാമസമില്ലാതെ പൊലീസ്, മോട്ടോർ വാഹനവകുപ്പ് അധികാരികളെ അറിയിക്കണം.
• ഓരോ സ്കൂളിലെയും കുട്ടികളെ കൊണ്ടുപോകുന്ന സ്കൂൾ വാഹനങ്ങളിലെയും മറ്റു വാഹനങ്ങളിലെയും ഡ്രൈവർമാർ എടപ്പാൾ കണ്ടനകത്തുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡ്രൈവേഴ്സ് ട്രെയ്നിംഗ് ആന്റ് റിസർച്ചിൽ (ഐ.ഡി.ടി.ആർ) പരിശീലനം പൂർത്തീകരിച്ചെന്ന് ഉറപ്പാക്കണം. 04942972100, 2100100 എന്നീ നമ്പറുകളിൽ വിളിച്ച് പരിശീലനത്തിന് ബുക്ക് ചെയ്യാം.
• വിദ്യാലയങ്ങളിലെ മുഴുവൻ വാഹനങ്ങളുടെയും രേഖകൾ സാധുവാണെന്നും വാഹനത്തിന് ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തി ഫിറ്റ്നസ് ഉണ്ടെന്നും ഉറപ്പാക്കണം.
• വാഹനങ്ങൾക്ക് തുടർന്നുള്ള ആനുകാലിക അറ്റകുറ്റപ്പണികൾ കാര്യക്ഷമമായി നടത്തണം.
• സ്കൂളിലെ വാഹനങ്ങളിൽ നിശ്ചയിച്ചിട്ടുള്ള ഡ്രൈവർമാർ മതിയായ യോഗ്യതയും പ്രവൃത്തിപരിചയവും ഉള്ളവരാവണം.
• സ്കൂളിലുള്ള എല്ലാ വാഹനങ്ങളിലും കുട്ടികളെ സുരക്ഷിതമായി കയറ്റിയിറക്കാനും റോഡ് മുറിച്ച് കടക്കാനും സഹായിക്കാൻ ഡോർ അറ്റൻഡർ, ആയമാരെ നിയമിക്കണം.
• സ്കൂൾ വാഹനങ്ങളിൽ കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോകുന്നില്ലെന്ന് ഉറപ്പാക്കണം.
• അമിത വേഗത തടയാനാവശ്യമായ മുൻകരുതലെടുത്തിട്ടുണ്ടെന്നും വേഗപ്പൂട്ടുകൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്നും ഉറപ്പാക്കണം.
• വാഹനങ്ങളിൽ വെഹിക്കിൾ ലോക്കേഷൻ ട്രാക്കിംഗ് സിസ്റ്റം (വി.എൽ.ടി.എസ്, ജി.പി.എസ്) ഘടിപ്പിച്ചിട്ടുണ്ടെന്നും അടിയന്തരഘട്ടത്തിൽ ഉപയോഗിക്കുന്നതിനുള്ള ബട്ടനുകൾ പ്രവർത്തനക്ഷമമാണെന്നും ഉറപ്പാക്കണം.
• ജി.പി.എസിൽ നിന്ന് വരുന്ന സന്ദേശങ്ങൾ ശ്രദ്ധിക്കണം. ഇതനുസരിച്ച് സമയബന്ധിതമായി ഇടപെടുകയും വിവരങ്ങൾ യഥാസമയം അധികാരികളെ അറിയിക്കുകയും വേണം.
• സ്കൂൾ വാഹനങ്ങളിൽ യാത്ര ചെയ്യുന്ന കുട്ടികളുടെ വിശദാംശങ്ങൾ യാത്ര ചെയ്യുന്ന വാഹനത്തിലും സ്കൂളിലും സൂക്ഷിക്കണം.
• കരാറടിസ്ഥാനത്തിൽ സ്വകാര്യവാഹനങ്ങളിൽ കുട്ടികളെ സ്കൂളിലേക്ക് കൊണ്ടു വരുന്നില്ലെന്നും ഓട്ടോറിക്ഷകളിലും മറ്റു വാഹനങ്ങളിലും കുത്തിനിറച്ച് എത്തിക്കുന്നില്ലെന്നും ഉറപ്പാക്കണം.
• സ്കൂൾ കോമ്പൗണ്ടിനകത്ത് അനധികൃത വാഹനങ്ങൾ പ്രവേശിക്കുന്നില്ലെന്നും ഉറപ്പാക്കണം. ജീവനക്കാരുടെയും മറ്റും വാഹനങ്ങൾക്ക് പ്രത്യേക പാർക്കിംഗ് ഏരിയ നിശ്ചയിക്കണം.
•സ്കൂൾ തുടങ്ങുമ്പോഴും ക്ലാസ് വിടുമ്പോഴും പ്രവേശനകവാടത്തിൽ കാൽനടയാത്രക്കാർക്ക് അപകടം ഉണ്ടാകാതിരിക്കാൻ മുൻകരുതൽ എടുക്കണം.
• സ്കൂളിലെ വാഹനങ്ങൾ സംബന്ധിച്ച എല്ലാ രേഖകളും ഡ്രൈവർ, ആയ എന്നിവരെ സംബന്ധിച്ചുള്ള വിവരങ്ങളും സൂക്ഷിക്കണം.
• സ്കൂൾ വിദ്യാർത്ഥികൾ മോട്ടോർ വാഹനം ഓടിച്ച് വരുന്നത് അദ്ധ്യാപകരുടെ കമ്മിറ്റി നിരീക്ഷിക്കണം.
•എല്ലാതരത്തിലുള്ള നിയമലംഘനങ്ങളും പൊലീസ്-മോട്ടോർ വാഹനവകുപ്പ് അധികാരികളെ അറിയിക്കണം.