മലപ്പുറം : ജില്ലയിൽ ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുള്ള സജ്ജീകരണങ്ങൾ പൂർത്തിയായതായി ജില്ലാ കളക്ടർ അമിത് മീണ അറിയിച്ചു. മലപ്പുറം മണ്ഡലത്തിലെ വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിട്ടുള്ള മലപ്പുറം ഗവൺമെന്റ് കോളേജും പൊന്നാനി മണ്ഡലത്തിലെ വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിട്ടുള്ള എം.എസ്.പി എച്ച്.എസ്.എസും സെന്റ് ജെമ്മാസ് എച്ച്.എസ്.എസും കളക്ടർ സന്ദർശിച്ചു സൗകര്യങ്ങൾ വിലയിരുത്തി. വോട്ടെണ്ണൽ ഒരുക്കങ്ങളുടെ ഭാഗമായി സുവിധ, ട്രെൻഡ് എന്നീ വെബ് ആപ്ലിക്കേഷനുകളുടെ ട്രയൽ ഇന്ന് രാവിലെ എട്ടിന് നടക്കും. വോട്ടെണ്ണൽ ദിവസമായ മെയ് 23ന് രാവിലെ ഏഴിന് സ്ട്രോംഗ് റൂമിൽനിന്നും വോട്ടിംഗ് യന്ത്രങ്ങൾ അതത് വോട്ടെണ്ണൽ ഹാളിലേക്കു മാറ്റും. അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ, തിരഞ്ഞെടുപ്പ് നിരീക്ഷകൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് യന്ത്രങ്ങൾ പുറത്തെടുക്കുക. തുടർന്ന് രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും. എട്ടു മണിക്കാണ് വോട്ടെണ്ണൽ തുടങ്ങുക. പോസ്റ്റൽ വോട്ടുകൾ മലപ്പുറം, പൊന്നാനി മണ്ഡലത്തിലെ പോസ്റ്റൽ വോട്ടുകൾ എണ്ണാനായി മലപ്പുറം ഗവൺമെന്റ് കോളേജിലെ ലൈബ്രറി ഹാളിൽ പ്രത്യേകം സൗകര്യം ഒരുക്കി. റിട്ടേണിംഗ് ഓഫീസർ, എ.ആർ.ഒമാർ, കൗണ്ടിംഗ് സൂപ്പർവൈസർമാർ, ടെക്നീഷ്യൻമാർ, ഒബ്സർവർമാർ, ഏജന്റുമാർ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് പോസ്റ്റൽ വോട്ടെണ്ണൽ നടക്കുക. കൂടാതെ അഡീഷനൽ ഡെപ്യൂട്ടി മജിസ്ട്രേറ്റ്, അഞ്ച് ഡെപ്യൂട്ടി കളക്ടർമാർ ഉൾപ്പെടെ അഞ്ചു ഉപവരണാധികളെയും പോസ്റ്റൽ വോട്ടുകൾ എണ്ണാനായി നിയമിച്ചിട്ടുണ്ട്. പോസ്റ്റൽ വോട്ടുകളും ഇ.വി.എം വോട്ടുകളും എണ്ണി പൂർത്തിയായാൽ വി.വി പാറ്റ് രശീതുകളും എണ്ണിത്തുടങ്ങും. ഒരോ അസംബ്ലി നിയോജക മണ്ഡലത്തിലെ അഞ്ച് ബൂത്തുകളിലെ വി.വി പാറ്റുകളാണ് എണ്ണുന്നത്. അവ ഏതാണെന്ന് തീരുമാനിക്കുന്നത് നറുക്കെടുപ്പിലൂടെയാണ്. 619 ഉദ്യോഗസ്ഥർ വോട്ടെണ്ണൽ നടപടികൾക്കായി 619 ഉദ്യോഗസ്ഥരെയാണ് ജില്ലയിൽ നിയോഗിച്ചിട്ടുള്ളത്. മുഴുവൻ ഉദ്യോഗസ്ഥർക്കും വോട്ടെണ്ണൽ പ്രക്രിയയിൽ പരിശീലനം നൽകി. 244 മൈക്രോ ഒബ്സർവർമാരെയും 216 കൗണ്ടിംഗ് സൂപ്പർ വൈസർമാരെയും 230 കൗണ്ടിംഗ് സ്റ്റാഫിനെയുമാണ് നിയമിച്ചിട്ടുള്ളത്. നിയോജക മണ്ഡല കൗണ്ടിംഗ് ഹാൾ അടിസ്ഥാനത്തിലുള്ള ഉദ്യോഗസ്ഥരുടെ ലിസ്റ്റ് മെയ് 22ന് അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാർക്ക് കൈമാറും. അവർ ഉദ്യോഗസ്ഥരെ ഫോൺ മുഖേന കൗണ്ടിംഗ് ഹാൾ സംബന്ധമായ വിവരങ്ങൾ അറിയിക്കും. കൗണ്ടിംഗ് ഹാളിലെ ഏതൊക്കെ ടേബിളുകളിലാണ് ഓരോരുത്തരെയും നിയമിക്കേണ്ടതെന്നത് സംബന്ധിച്ച ലിസ്റ്റും ഐ.ഡി കാർഡും വോട്ടെണ്ണൽ ദിവസം തേർഡ് റാൻഡമൈസേഷനു ശേഷം അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർക്ക് നൽകും. തുടർന്ന് അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ കൗണ്ടിംഗ് സ്റ്റാഫിന് ഐ.ഡി കാർഡ് വിതരണം ചെയ്യും. 14 വരെ ടേബിളുകൾ ഓരോ അസംബ്ലി നിയോജക മണ്ഡലത്തിനും ഓരോ റൂം എന്ന നിലയിലാണ് വോട്ടെണ്ണൽ ക്രമീകരിച്ചിരിക്കുന്നത്. ഓരോ റൂമിലും 10-14 വരെയാണ് ടേബിളുകൾ ക്രമീകരിച്ചിട്ടുള്ളത്. ആവശ്യമെങ്കിൽ കൂടുതൽ ടേബിളുകൾ കമ്മിഷന്റെ അനുമതിയോടെ സജ്ജീകരിക്കും. ഓരോ ടേബിളിലും ഒരു കൗണ്ടിംഗ് സൂപ്പർവൈസർ, ഒരു കൗണ്ടിംഗ് അസിസ്റ്റന്റ്, ഒരു മൈക്രോ ഒബ്സർവർ എന്നിവരുണ്ടാകും. ഇതു കൂടാതെ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർക്കും നിരീക്ഷകനും ഓരോ മേശയും ഉണ്ടാവും. കനത്ത സുരക്ഷ ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. പൊതുവായ സുരക്ഷയ്ക്കായി 800 ഓളം സംസ്ഥാന പൊലീസ് ഉദ്യോഗസ്ഥരെയും വോട്ടെണ്ണൽ കേന്ദ്രത്തിന്റെ സുരക്ഷയ്ക്കായി മൂന്ന് കമ്പനി ബി.എസ്.എഫ് ഉദ്യോഗസ്ഥരെയുമാണ് സജ്ജീകരിച്ചിട്ടുള്ളത്. മൊബൈലിന് വിലക്ക് വോട്ടെണ്ണൽ ഹാളിൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ ആർക്കും അനുമതിയില്ല. കൗണ്ടിംഗ് ഉദ്യോഗസ്ഥർ മൊബൈൽ ഫോൺ ഉൾപ്പെടെ കൈയിൽ കരുതിയിട്ടുള്ള എല്ലാ വസ്തുക്കളും സൂക്ഷിക്കുന്നതിനായി അതത് ഉപ വരണാധികാരികളുടെ കൗണ്ടറുകളിൽ നൽകണം. പ്രവേശനം വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, സ്ഥാനാർത്ഥികൾ, ചീഫ് കൗണ്ടിംഗ് ഏജന്റ്, തിരഞ്ഞെടുപ്പു കമ്മിഷന്റെ അനുമതിപത്രം ലഭിച്ചിട്ടുള്ള മാദ്ധ്യമപ്രവർത്തകർ തുടങ്ങിയവർക്കു മാത്രമേ പ്രവേശനമുള്ളൂ. വാഹനവിലക്ക് ജില്ലാ തിരഞ്ഞെടുപ്പുദ്യോഗസ്ഥനായ ജില്ലാ കളക്ടറുടെയും തിരഞ്ഞെടുപ്പ് നിരീക്ഷകരുടേതുമൊഴികെയുള്ള വാഹനങ്ങൾ വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് കടത്തിവിടില്ല. സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദ്ദേശാനുസരണം ഗേറ്റിനു പുറത്ത് വാഹനങ്ങൾ പാർക്ക് ചെയ്യണം. കൗണ്ടിംഗ് ഉദ്യോഗസ്ഥർ വരുന്ന വാഹനങ്ങൾ വോട്ടെണ്ണൽ കേന്ദ്രത്തിന് പുറത്ത് പാർക്ക് ചെയ്യാനുള്ള സൗകര്യം അവരവർ തന്നെ കണ്ടെത്തണം.