മഞ്ചേരി: മലപ്പുറം കേന്ദ്രീകരിച്ച് കഞ്ചാവ് മൊത്ത വിതരണം നടത്തി വരികയായിരുന്ന മൂന്ന് മഞ്ചേരി സ്വദേശികൾ തമിഴ്നാട്ടിലും ആന്ധ്രയിലുമായി പൊലീസിന്റെ പിടിയിലായതായി മലപ്പുറം സ്പെഷ്യൽ സ്ക്വാഡിന് വിവരം ലഭിച്ചു. മഞ്ചേരി പുല്ലൂർ ഉള്ളാട്ടിൽ അബുബക്കർ (36), മംഗലശ്ശേരി പൂഴിക്കുത്ത് അബ്ദുൾ ലത്തീഫ് (37), മേലാക്കം കെ.വി. ക്വാർട്ടേഴ്സിൽ അമീൻ (22) എന്നിവരാണ് പിടിയിലായത്. നാലു മാസം മുമ്പാണ് അബുബക്കറിനെ ആറു കിലോ കഞ്ചാവ് സഹിതം തമിഴ്നാട് വടചന്തൂർ പൊലീസ് പിടികൂടിയത്. ഇയാൾ തമിഴ്നാട്ടിൽ റിമാൻഡിൽ കഴിഞ്ഞു വരികയാണ്. മഞ്ചേരി പൊലീസിലും എക്സൈസിലും ഇയാൾക്കെതിരെ മോഷണക്കേസടക്കം നിരവധി കേസുകൾ നിലവിലുണ്ട്. ഇതിൽ ആറ് എണ്ണം കഞ്ചാവ് കേസാണ്.
പത്തു ദിവസം മുമ്പാണ് മഞ്ചേരിയിൽ പോർട്ടറായ അബ്ദുൾ ലത്തീഫ്, അമീൻ എന്നിവരെ ആന്ധ്രയിലെ പെരുപള്ളി പൊലീസ് 21 കിലോ കഞ്ചാവുമായാണ് പിടികൂടിയത്. വിശാഖ പട്ടണത്തിൽ നിന്നും കഞ്ചാവുമായി വന്ന ഇവരുടെ കാർ പെരുപള്ളി ഹൈവേയിൽ വച്ച് ബൈക്കുമായി കൂട്ടിയിടിച്ചിരുന്നു. ഇവർ ആന്ധ്രയിലെ തണു ജില്ലാ ജയിലിൽ റിമാൻഡിൽ കഴിഞ്ഞുവരികയാണ്. പിടിയിലായ ലത്തീഫിനെ 2 കിലോ കഞ്ചാവുമായി കഴിഞ്ഞ വർഷം കോഴിക്കോട് ടൗൺ പൊലീസ് പിടികൂടിയിരുന്നു. അമീന്റെ പേരിൽ കഞ്ചാവ് വിൽപ്പന നടത്തിയതിന് മഞ്ചേരി സ്റ്റേഷനിൽ കേസ് നിലവിലുണ്ട്. മഞ്ചേരി കേന്ദ്രീകരിച്ച് കഞ്ചാവ് മൊത്ത വിതരണം ചെയ്തു വന്ന ഇവരെ ജില്ലാ ആന്റി നാർക്കോട്ടിക്ക് സ്ക്വാഡ് നിരീക്ഷിച്ചു വരുന്നതിനിടയിലാണ് ഇവർ ആന്ധ്രയിൽ പിടിയിലാകുന്നത്. ഇവരുമായി ബന്ധപ്പെടുന്ന ആളുകൾ പൊലീസ് നിരീക്ഷണത്തിലാണ്.