നിലമ്പൂർ: നെടുങ്കയം ആദിവാസി കോളനിവാസികൾക്ക് ഇഫ്താർ വിരുന്നൊരുക്കി പി.വി.അബ്ദുൾ വഹാബ് എം.പി. ജനപ്രതിനിധികളും വിവിധ വകുപ്പു മേധാവികളും കോളനിയിലെ ബദൽ സ്കൂളിൽ വച്ചു നടത്തിയ നോമ്പുതുറയിൽ സംബന്ധിച്ചു. സൻസദ് ആദർശ് ഗ്രാമ യോജന പദ്ധതി പ്രകാരം എം.പി ദത്തെടുത്ത പഞ്ചായത്ത് കൂടിയാണ് നെടുങ്കയം ഉൾപ്പെടുന്ന കരുളായി ഗ്രാമ പഞ്ചായത്ത്. പദ്ധതി കാലാവധി കഴിയുന്ന വർഷം കൂടിയായതിനാലാണ് എം.പി ഈ സ്നേഹ സംഗമമൊരുക്കിയത്. കോളനിയിൽ നിന്നും എസ്.എസ്.എൽ.സി പാസായ വിദ്യാർത്ഥികൾക്ക് ഉപഹാരം നല്കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കരുളായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.അസൈനാർ, ജില്ലാ പഞ്ചായത്തംഗം സറീന മുഹമ്മദാലി, ബ്ളോക്ക് പഞ്ചായത്തംഗങ്ങളായ കെ.ടി. കുഞ്ഞാൻ, ഫാത്തിമ സലീം, അമൽകോളേജ് പ്രിൻസിപ്പൽ ഡോ.സാക്കിർ, പീവീസ് മോഡൽ സ്കൂൾ പ്രിൻസിപ്പൽ ഡോ.എം.എ.ആന്റണി രാഷ്ട്രീയ സംഘടനാ പ്രതിനിധികൾ, വ്യാപാരി പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. അമൽകോളേജ്, ജന ശിക്ഷൺ സൻസ്ഥാൻ എന്നിവയുമായി ചേർന്നാണ് വനത്തിനുള്ളിലെ കോളനിയിൽ ഇഫ്താർ സംഗമം നടത്തിയത്.