കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ 1.15 കോടി രൂപയുടെ സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടി. മിശ്രിത രൂപത്തിലുളള സ്വർണമാണ് കണ്ടെത്തിയത്. ഇതിൽ നിന്നും മൂന്നരകിലോ സ്വർണം വേർതിരിച്ചെടുത്തു. ദുബായ്, ബഹ്റൈൻ, അബൂദാബി എന്നിവിടങ്ങളിൽ നിന്നായി വിവിധ വിമാനത്തിൽ എത്തിയ അഞ്ച് പേരിൽ നിന്നാണ് സ്വർണം കണ്ടെടുത്തത്. അടിവസ്ത്രം, ഷൂ, പാന്റ് എന്നിവയ്ക്കുളളിലായി ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം. മിശ്രിതരൂപത്തിലുളള സ്വർണത്തിന് പുറമെ സ്വർണ ബിസ്കറ്റ്, ചെയിൻ എന്നിവയും പിടികൂടി. അസി.കമ്മിഷണർമാരായ സുരേന്ദ്രനാഥ്, ഡി.എൻ.പന്ത്, സൂപ്രണ്ടുമാരായ കെ.വി.രാജേഷ്, രഞ്ജി വില്യം, ഇൻസ്പെക്ടർമാരായ ഗോപിനാഥ്, അഭിലാഷ്, സൗരബ്, രവീന്ദർ എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടിച്ചത്.