hjk
.

മലപ്പുറം: വേനൽച്ചൂടിനൊപ്പം അടങ്ങാതെ പനിച്ചൂടും ജില്ലയെ വരിഞ്ഞുമുറുക്കുന്നു. കഴിഞ്ഞ പത്ത് ദിവസത്തിനിടെ 9,​208 പേർ വൈറൽ പനി ബാധിച്ച് വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടി. ദിനംപ്രതി ശരാശരി 900 പേർ പനിക്ക് ചികിത്സ തേടുന്നുണ്ട്. സ്വകാര്യ ക്ലിനിക്കുകളെയും മറ്റും ആശ്രയിക്കുന്നവരുടെ എണ്ണം കൂടിയെടുത്താൽ പതിനായിരം കവിയും. ജില്ലയെ ഏറെ ഭീതിയിലാഴ്ത്തിയ മസ്തിഷ്ക ജ്വരം ഈ കാലയളവിൽ ഒരെണ്ണം മാത്രമാണ് റിപ്പോ‌ർട്ട് ചെയ്തതെന്നതാണ് ആശ്വാസം. ജില്ലയിൽ നിന്നും തുടച്ചുനീക്കിയ മലേറിയ കേസുകൾ മൂന്നണ്ണം റിപ്പോർട്ട് ചെയ്തതും ആരോഗ്യ മേഖലയ്ക്ക് വെല്ലുവിളിയുയർത്തുന്നു. ഇതര സംസ്ഥാന തൊഴിലാളികൾ മുഖേനയാണ് ജില്ലയിൽ മലേറിയ എത്തിയത്. നേരത്തെ ഏറെ വെല്ലുവിളിയുയർത്തിയ എച്ച്.1 എൻ1 വീണ്ടും തലപൊക്കിയിട്ടുണ്ട്. ഒരാഴ്ച്ചയ്ക്കിടെ ആറ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസം ഒരു ‌ടൈഫോയ്ഡും സ്ഥിരീകരിച്ചിട്ടുണ്ട്.

മഴ മാറിനിൽക്കുന്നതും കുടിവെള്ളക്ഷാമം കടുത്തതും വയറിളക്കരോഗം വർദ്ധിപ്പിച്ചിട്ടുണ്ട്. പത്ത് ദിവസത്തിനിടെ 2,​103 കേസുകളുണ്ടായി. ശരാശരി 200 രോഗികൾ ദിനംപ്രതിയെത്തുന്നുണ്ട്. ജലജന്യ രോഗമായ മഞ്ഞപ്പിത്തത്തിന്റെ ഭീഷണിയും ജില്ലയിൽ നിന്ന് അകലുന്നില്ല. 15 മഞ്ഞപ്പിത്ത കേസുകളാണ് ഒരാഴ്ച്ചക്കിടെ റിപ്പോർട്ട് ചെയ്തത്. മഞ്ഞപ്പിത്തം വിളിച്ചുവരുത്തുന്ന ലൈവ് അച്ചാർ കടകളും സോഡ വിൽപ്പനയും നിയന്ത്രിക്കാൻ ഇതുവരെ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. സുരക്ഷിതമല്ലാത്ത വിധത്തിൽ പ്രവർത്തിക്കുന്നർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന അധികൃതരുടെ മുന്നറിയിപ്പ് മാത്രമാണ് ശേഷിക്കുന്നത്.

സ്വകാര്യ ടാങ്കറുകളെ നിയന്ത്രിക്കാനാവുന്നില്ല

തദ്ദേശസ്ഥാപനങ്ങളിലെ കുടിവെള്ള വിതരണം താളംതെറ്റിയതോടെ മിക്കയിടങ്ങളിലും സ്വകാര്യ ടാങ്കറുകളാണ് ജലവിതരണം നടത്തുന്നത്.

50 ഏജൻസികൾക്കാണ് ഭക്ഷ്യസുരക്ഷാവകുപ്പ് അനുമതി നൽകിയിട്ടുള്ളതെങ്കിലും ഇതിന്റെ പലയിരട്ടി ഏജൻസികൾ അനധികൃതമായി പ്രവർത്തിക്കുന്നുണ്ട്.

പലരും സുരക്ഷിതമല്ലാത്ത സ്രോതസ്സുകളിൽ നിന്നാണ് കുടിവെള്ളമെടുക്കുന്നത്. കക്കൂസ് മാലിന്യം തള്ളിയ കേന്ദ്രങ്ങളിൽ നിന്നടക്കം കുടിവെള്ളം ശേഖരിക്കുന്നുണ്ട്.

സ്വകാര്യ ടാങ്കറുകളിലെ കുടിവെള്ള വിതരണം പരിശോധിക്കാനോ​ നിയന്ത്രിക്കാനോ അധികൃതർ തയ്യാറാവാത്തതും ഇത്തരക്കാർക്ക് തുണയാകുന്നു.

ജി.പി.എസിൽ തട്ടി തദ്ദേശസ്ഥാപനങ്ങളുടെ കുടിവെള്ള വിതരണം മുടങ്ങിയതോടെ സ്വകാര്യ ടാങ്കറുകളാണ് ഏക ആശ്രയം. ഇവയ്ക്കെതിരെയുള്ള നടപടി ജനരോഷത്തിന് ഇടയാക്കിയേക്കുമെന്ന ഭീതിയാണ് തദ്ദേശസ്ഥാപനാധികാരികൾക്ക്.