മലപ്പുറം: വേനൽ ചൂടിനൊപ്പം റംസാൻ നോമ്പ് കൂടിയായതോടെ നാരങ്ങയ്ക്ക് റെക്കാഡ് വില. അടുത്തിടെ വരെ കിലോയ്ക്ക് 60 രൂപയുണ്ടായിരുന്ന നാരങ്ങയ്ക്കിപ്പോൾ 160 രൂപയാണ് വില. ഇതു നൽകിയാൽ തന്നെ നല്ല നാരങ്ങ ലഭിക്കാത്ത അവസ്ഥയാണ്. ചെറുതും പുളിരസം കുറഞ്ഞതുമായ നാരങ്ങകളാണിപ്പോൾ വിപണിയിൽ ലഭിക്കുന്നത്. തമിഴ്‌നാട്ടിൽ നിന്നായിരുന്നു പ്രധാനമായും നാരങ്ങ എത്തിയിരുന്നതെങ്കിൽ ഇവിടെ ഉത്പാദനം കുറഞ്ഞതോടെ ആന്ധ്രയിൽ നിന്നുള്ള ചെറിയ നാരങ്ങയാണ് വിപണിയിൽ പിടിമുറുക്കിയിട്ടുള്ളത്. നീരും പുളിരസവും കുറഞ്ഞ ഇവയ്ക്ക് പോലും വലിയ ആവശ്യക്കാരാണെന്ന് മലപ്പുറം നഗരത്തിലെ കച്ചവടക്കാർ പറയുന്നു.
നോമ്പ് തുറക്കാൻ പള്ളികളിലും ഇഫ്ത്താർ വിരുന്നുകളിലും പ്രധാനമായും നാരങ്ങ വെള്ളമാണ് നൽകുന്നത്. വേനൽ അടുക്കുമ്പോൾ സാധാരണയായി നാരങ്ങ വില കൂടാറുണ്ടെങ്കിലും ഇത്രയധികം വർദ്ധിക്കാറില്ല. നോമ്പ് തുടങ്ങിയ ശേഷം ജില്ലയിൽ വ്യാപകമായി തുടങ്ങിയ ലൈവ് അച്ചാർ, സോഡ കടകളിലെ പ്രധാന ഇനവും നാരങ്ങയാണ്. പല തരത്തിലുള്ള നാരങ്ങ സോഡകൾക്ക് വലിയ പ്രിയമാണിപ്പോൾ. കുലുക്കി സർബത്ത്, നാരങ്ങ സർബത്ത്, ജിഞ്ചർ നാരങ്ങ സോഡ ഇങ്ങനെ പോവുന്ന വറ്റൈറ്റികൾ. നാരങ്ങയുടെ വില കൂടിയതോടെ പത്ത് രൂപയ്ക്ക് ലഭിച്ചിരുന്ന ലൈമിന്റെ വില ചിലയിടങ്ങളിൽ 15 രൂപയായി വർദ്ധിപ്പിച്ചിട്ടുണ്ട്.